ആലപ്പുഴ: പദ്ധതികൾ പലത് നടപ്പാക്കിയെങ്കിലും ആലപ്പുഴ നഗരത്തിലെ പത്തിലധികം ഹൈമാസ്റ്റ് ലൈറ്റുകളും ബൈപ്പാസിലെ തെരുവ് വിളക്കുകൾ മിഴിതുറക്കാൻ മടിക്കുന്നു. വിവിധ ഘട്ടങ്ങളിലായി നഗരത്തിൽ 100ൽ അധികം ഹൈമാസ്റ്റ് ലൈറ്റുകളും 408 എൽ.ഇ.ഡി ബൾബുകളും സ്ഥാപിച്ചത്.നഗരസഭയ്ക്ക് പുറമേ എം.പി, എം.എൽ.എമാരുടെ വികസന ഫണ്ടിലും ഡി.ടി.പി.സിയും ചേർന്നാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. ഇതിന്റെ പരിപാലനചുമതലയും വൈദ്യുതി ചാർജ്ജും അടക്കുന്നത് നഗരസഭയാണ്. വൈ.എം.സി.എ, ആലപ്പുഴ ബീച്ച്, വലിയചുടുകാട്, കൈതവന, ജെട്ടി, ഫിനിഷിംഗ് പോയന്റ് ഉൾപ്പെടെ പ്രധാനപ്പെട്ട ഭാഗങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ തെളിയാത്തത്. രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ താവളമാണ് പല പ്രദേശങ്ങളും. റോഡിലെ നടപ്പാലത്തിൽ പുൽച്ചെടികളും വള്ളിപ്പുല്ലും നിറഞ്ഞതും കൂരിരുട്ടും കാൽനടയാത്രക്കാരെയും ദുരിതത്തിലാക്കുന്നു. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 30 ഹൈമാസ്റ്റ് ലൈറ്റാണ് നഗരസഭ മാത്രം സ്ഥാപിച്ചത്. 8000 എൽ.ഇ.ഡി വിളക്കുകൾ സ്ഥാപിച്ചുകൊണ്ട് നഗരജ്യോതി പദ്ധതി നടപ്പാക്കിയിട്ടും നഗരത്തിന്റെ ഉള്ളറകൾ ഇപ്പോഴും ഇരുട്ടിലാണ്.
.......
#ഇരുട്ടിലാണ്ട ബീച്ച്
പ്രതിദിനം നൂറ് കണക്കിന് സഞ്ചാരികൾ എത്തുന്ന ബീച്ചിൽ 7ഹൈമാസ്റ്റ് ലൈറ്റുകളിൽ മൂന്നെണ്ണം പൂർണമായും മിഴി തുറന്നിട്ട് മാസങ്ങൾ കഴിഞ്ഞു. ശേഷിച്ച നാലെണ്ണത്തിലുള്ള ഹൈമാസ്റ്റുകളിൽ എല്ലാ ബൾബുകളും മിഴിതുറക്കാറില്ല. ഡി.ടി.പി.സി സ്ഥാപിച്ച ഹൈമാസ്റ്റാണ് ബീച്ചിലും പുന്നമടയിലും മിഴിതുറക്കാത്തത്.രണ്ട് മാസം കൂടുമ്പോൾ 6ലക്ഷം രൂപയാണ് കെ.എസ്.ഇ.ബിക്ക് വൈദ്യുതി ചാർജ്ജ് ഇനത്തിൽ നൽകുന്നത്. ബൈപ്പാസ് തുടങ്ങുന്ന കളർകോടും കൊമ്മാടിയിലുമുള്ള ഹൈമാസ്റ്റ് ലൈറ്റുകളുടെ പരിപാലന ചുമതല എൻ.എച്ചാണ്.
..........
"തകരാറായ ലൈറ്റുകൾ പ്രവർത്തനസജ്ജമാക്കാൻ കരാറുകാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പലഭാഗങ്ങളിലും ഹൈമാസ്റ്റ് ലൈറ്റുകളുടെ മുഴുവൻ ബൾബുകളും തെളിയുന്നില്ല. അത് ഉടൻ പരിഹരിക്കാൻ കരാറുകാരന് നിർദ്ദേശം നൽകി.
കെ.കെ.ജയമ്മ, ചെയർപേഴ്സൺ, നഗരസഭ
.............
ഹൈമാസ്റ്റ് ലൈറ്റ്...100ലധികം
ബൈപ്പാസിലെ ലൈറ്റുകൾ: 408
എൽ.ഇ.ഡി: 8000
വൈദ്യുതി ചാർജ്ജ്: 6ലക്ഷം