കുട വ്യവസായത്തിന് പേരുകേട്ട ആലപ്പുഴയിൽ കുട നിർമ്മാണ മേഖലയെ ആശ്രയിച്ച് മൂന്ന് തലമുറകളായി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവരുണ്ട്.
കുടകളുടെ കേട് നന്നാക്കിയും കുടകളിൽ പേരെഴുതിയും ഒപ്പം ചെരുപ്പുകളും ബാഗുകളും തുന്നിച്ചേർത്തും ആലപ്പുഴയുടെ കനാലോരങ്ങളിൽ അന്നന്നത്തെ വകതേടുന്നവർ. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വഴിയില്ലാതെ ഇതരതൊഴിൽ മേഖലകളിലേക്ക് ചേക്കേറുകയാണ് ഇന്ന് പലരും
ആലപ്പുഴ: ഞങ്ങൾ ഏത് നാട്ടിൽ നിന്ന് വന്നവരാണെന്ന് അറിയില്ല. ആലപ്പുഴയിലെ പ്രമുഖനായിരുന്ന പാപ്പാസ്വാമി വിളിച്ചിട്ട് കുതിരയ്ക്ക് ലാഡമടിക്കാനാണ് മുത്തച്ഛൻ ശങ്കുണ്ണി പതിറ്റാണ്ടുകൾക്ക് മുമ്പ് ഇവിടെയെത്തിയത്. അന്ന് മുതൽ ആലപ്പുഴക്കാരാണ്. വഴിയോരത്ത് ജീവിച്ചു വളർന്ന ഞങ്ങളുടെ മേൽവിലാസം പോലും നടവക്കിൽ എന്നായിരുന്നു. മൂന്നാം തലമുറയാണ് കുടയും ചെരുപ്പും ബാഗും നന്നാക്കി ഇപ്പോഴുമിവിടെ ജീവിക്കുന്നത്. പക്ഷേ അടുത്ത തലമുറയെ ഞങ്ങൾ ഈ തൊഴിലിലേക്ക് വിടാൻ ആഗ്രഹിക്കുന്നില്ല. ഓർമ്മവച്ച നാൾ മുതൽ ചെരുപ്പുകുത്തിയും കുട ശരിയാക്കിയും ജീവിക്കുന്ന മുരുകൻ പറയുന്നു. രാവിലെ മുതൽ രാത്രി വരെ ഒരേയിരുപ്പിൽ തൊഴിലെടുത്താൻ പോലും അന്നന്നത്തെ ചെലവിനുള്ള പണം ലഭിക്കുമെന്ന് ഉറപ്പില്ല. വർഷങ്ങൾക്ക് മുമ്പ് ഈ തൊഴിൽ മേഖലയിൽ എതിരാളികളില്ലായിരുന്നു. ഇന്ന് ഇതര സംസ്ഥാനക്കാരടക്കം ആലപ്പുഴയിലെത്തി ജോലി ചെയ്യുന്നു. ഇതോടെ 'നടവക്കിൽ' കുടുംബക്കാരുടെ വരുമാനം ഇടിഞ്ഞു.
മാസം അഞ്ഞൂറ് രൂപ വാടക നഗരസഭയക്ക് നൽകിയാണ് സീറോ ജംഗ്ഷൻ - ഇരുമ്പുപാലം റോഡിൽ കനാലോരത്തെ കിയോസ്ക്കുകളിൽ തൊഴിലാളികൾ പണിയെടുക്കുന്നത്. കെട്ടിടമില്ലാത്തവർ താത്കാലിക ഷെഡ് കെട്ടി തൊഴിലെടുക്കുന്നു. പലവട്ടം അധികൃതരെത്തി പൊളിച്ചുമാറ്റിയിട്ടും പോകാൻ മറ്റൊരിടമില്ലാതെ പലരും ഇവിടേയ്ക്ക് തന്നെ തിരികെയെത്തി.
വലിച്ചെറിയുന്നത് പുതിയ ശീലം
ലാഡമടിക്കാൻ ആലപ്പുഴയിലെത്തിയ ശങ്കുണ്ണിക്ക് മൂന്നാണും ഒരു പെണ്ണുമായിരുന്നു മക്കൾ. നാല് മക്കൾക്കും 21 വയസിന് ശേഷം നടക്കാനായില്ല. പാരമ്പര്യ രോഗമായ തളർവാതം ബാധിച്ചവർ ഇരുന്നുകൊണ്ട് ചെയ്യാവുന്ന തൊഴിലെന്ന നിലയ്ക്കാണ് കുടപ്പണിയിലും ചെരുപ്പ് നന്നാക്കലിലും നിലയുറപ്പിച്ചത്. ഈ നാല് മക്കളുടെയും പിൻതലമുറക്കാരായ മക്കളും മരുമക്കളുമടക്കം ഇരുപതോളം പേർ ഇന്നും ഇതേ തൊഴിൽ ചെയ്യുന്നു. മുമ്പ് ഒരു കുടയോ, ബാഗോ, ചെരുപ്പോ പൊട്ടിയാൽ പരമാവധി നന്നാക്കി പുനരുപയോഗിക്കാൻ ജനങ്ങൾ ശ്രദ്ധിച്ചിരുന്നു. എന്നാൽ,പുതിയ തലമുറയ്ക്ക് ആ ശീലം കുറവാണ്. പൊട്ടിയത് വലിച്ചെറിയുന്നതാണ് ശീലം. ഇതോടെ തൊഴിലാളികളുടെ വരുമാനവും ഗണ്യമായി കുറഞ്ഞു. കൂട്ടത്തിൽ ചിലർ വഴിയോകച്ചവടക്കാരുടെ സംഘടനയിൽ അടുത്തിടെ അംഗത്വവും നേടി.
കനാലോരത്തെ കടകൾ ഏതുനിമിഷവം നിലംപൊത്താവുന്ന നിലയിലാണ്. പുനരധിവാസം ഉൾപ്പടെ അധികൃതർ പരിഗണിക്കണം. ജീവിക്കാൻ നിവൃത്തിയില്ലാതെ മറ്റ് തൊഴിലുകൾ തേടുകയാണ് പലരും
- മുരുകൻ, കനാലോരത്ത് കുടയും ചെരുപ്പും നന്നാക്കുന്നയാൾ