
മാന്നാർ: ആരോഗ്യ വകുപ്പിൽ നിന്ന് വിരമിച്ച ശേഷം ആദ്യം ലഭിച്ച പെൻഷൻ തുക മാന്നാർ ഇരമത്തൂർ നിർമ്മാല്യത്തിൽ എം.പി സുരേഷ് കുമാർ വയനാട് ദുരിതാശ്വാസ നിധിക്ക് കൈമാറി. ജോലിക്കൊപ്പം സാമൂഹ്യ സേവനവും സിനിമ ,നാടകം, ചാക്യാർകൂത്ത്, കലാജാഥ തുടങ്ങി കലാവേദികളിൽ തിളങ്ങി നിൽക്കുകയും സർവ്വീസ് സംഘടനകളായ കേരള എൻ.ജി.ഒ യൂണിയൻ ഏരിയ പ്രസിഡന്റ്, എഫ്.എസ്.ഇ.ടി.ഒ മേഖല പ്രസിഡന്റ് എന്നീ നിലയിൽ ദീർഘകാലം പ്രവർത്തിക്കുകയും ചെയ്ത എം.പി.സുരേഷ് കുമാറിന്, ജില്ലയിലെ മികച്ച സാമൂഹിക പ്രവർത്തകനുള്ള 2017 ലെ ജൂനിയർ ചേംബർ അവാർഡ്, കലാരംഗത്ത് മികച്ച പ്രവർത്തനത്തിന് 2023ലെ ജനസംസ്കൃതി അവാർഡ്, ആരോഗ്യ രംഗത്ത് പ്രവർത്തന മികവിന് മാന്നാർ എമർജൻസി റെസ്ക്യൂ ടീമിന്റെ 2020 ലെ അവാർഡുകളും ലഭിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിൽ 19 വർഷത്തെ സ്തുത്യർഹ സേവനത്തിനു ശേഷം കഴിഞ്ഞ ഓഗസ്റ്റിൽ ചെങ്ങന്നൂർ ജില്ലാ ആശുപ്രതിയിൽ നിന്ന് ലാബ് അസിസ്റ്റന്റായിട്ടാണ് വിരമിച്ചത്. സർവീസിൽ നിന്ന് റിട്ടയർ ചെയ്ത ശേഷം ലഭിച്ച തന്റെ ആദ്യ പെൻഷൻ വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള മന്ത്രി സജി ചെറിയാന് കൈമാറി. 2018 ലെ പ്രളയ കാലത്തും കൊവിഡ് കാലത്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ശമ്പളം സംഭാവന ചെയ്തിട്ടുണ്ട്.