
ചേർത്തല :കണ്ടമംഗലം ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിൽ നവംബറിൽ നടക്കുന്ന ശ്രീസൂക്ത പൂർവക സൗഭാഗ്യലക്ഷ്മി യാഗത്തിന്റെ ഭാഗമായി നടക്കുന്ന അന്നദാനത്തിന് ഉപയോഗിക്കാൻ പച്ചക്കറി വിളയിക്കാൻ മുന്നിട്ടിറങ്ങി ഭക്തജനങ്ങൾ.ഇതിനായി ഹ്രസ്വകാലയളവിൽ വിളയുന്ന പച്ചക്കറി തൈകൾ ക്ഷേത്ര സമിതി ഭക്തജനങ്ങൾക്ക് വിതരണം ചെയ്തു. താല്പര്യപ്പെട്ട് മുന്നോട്ട് വന്ന ഭക്തജനങ്ങൾക്കാണ് മുളപ്പിച്ച പച്ചക്കറി വിത്തുകൾ നൽകിയത്.യാഗത്തിന് സമർപ്പിക്കുന്നതിനായി നേരത്തെ തന്നെ കൃഷി ആരംഭിച്ച നിരവധി ഭക്തജനങ്ങൾ ക്ഷേത്രാതിർത്തിയിലുണ്ട്. പച്ചക്കറി വിത്ത് വിതരണം സംസ്ഥാന സർക്കാർ ഹരിതമിത്ര പുരസ്‌ക്കാര ജേതാവ് പി.എസ്.സുജിത്ത് ഉദ്ഘാടനം ചെയ്തു.ഷാജി കെ.തറയിലിന് വിത്തുകൾ നൽകിയായിരുന്നു ഉദ്ഘാടനം. യാഗത്തിന്റെ വിശദ വിവരങ്ങൾ ഭക്ത ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി തയ്യാറാക്കിയ വീഡിയോകളുടെ ലോഞ്ചിംഗും സുജിത്ത് നിർവഹിച്ചു.സ്വാഗത സംഘം ചെയർമാൻ അനിൽകുമാർ അഞ്ചംതറ അദ്ധ്യക്ഷനായി. സ്വാഗത സംഘം ഭാരവാഹികളുൾപ്പെടെ നിരവധി ഭക്തജനങ്ങൾ ചടങ്ങിൽ പങ്കെടുത്തു.