
മുഹമ്മ: നേർച്ചയും പ്രാർത്ഥനയും സഫലമായതിനെത്തുടർന്ന് നെഹ്റു ട്രോഫി കാട്ടൂർ കാരയ്ക്കൽ ശ്രീ മഹാവിഷ്ണു ക്ഷേത്ര നടയിൽ സമർപ്പിച്ചു. പള്ളാത്തുരുത്ത് ബോട്ട് ക്ലബ് മേഖലാ പ്രസിഡന്റും എക്സിക്യൂട്ടീവ് അംഗവുമായ സി.വി.മധുസൂദനനാണ്, അഞ്ചാമതും നെഹ്റുട്രോഫി നേടിയാൽ മഹാവിഷ്ണുവിന്റെ ക്ഷേത്ര നടയിൽ സമർപ്പിക്കാമെന്ന നേർച്ച നേർന്നത്.ഞായറാഴ്ച വൈകിട്ട് 5.30 ഓടെയാണ് മധൂസുദനനും സംഘവും വാഹനത്തിൽ ടോഫിയുമായി ക്ഷേത്രമുറ്റത്ത് എത്തിച്ചേർന്നത്.ക്ഷേത്രം ഭാരവാഹികൾ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ട്രോഫിയുമായെത്തിയ സംഘത്തെ സ്വീകരിച്ചു.തുടർന്ന് മണ്ഡപത്തിൽ സമർപ്പിച്ചു പ്രാർത്ഥന നടത്തി.
മേൽശാന്തി ഉത്തമൻ,ക്ഷേത്ര യോഗം പ്രസിഡന്റ് കെ.ടി.കുട്ടപ്പൻ,വൈ.പ്രസിഡന്റ് കെ.എസ്.ശ്യാംലാൽ, സെക്രട്ടറി കെ.ആർ.രാജേന്ദ്രപ്രസാദ് പണിക്കർ,ജോ.സെക്രട്ടറിമാരായ പി.ആർ.പദീപ്,കെ.പി.രാജേഷ്, ട്രഷറർ കെ.വി.ബോസ് എന്നിവരും പങ്കെടുത്തു.