hj

ആലപ്പുഴ: ജില്ലയിൽ എവിടെയും വിഷപ്പാമ്പുകളെ പിടികൂടി ചാക്കിലാക്കാൻ സംഘം സജ്ജമാണ്. ആലപ്പുഴ സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന് കീഴിലെ 'പാമ്പ് പിടുത്ത' സംഘത്തിൽ വനിത ഉൾപ്പടെ 39 അംഗങ്ങളുമുണ്ട്. എന്നാൽ,​ പാമ്പുകടിയേറ്റാൽ കൈത്താങ്ങാകാൻ ഇൻഷ്വറൻസ് പരിരക്ഷയില്ല. പാമ്പുകടിയേൽക്കുന്ന ഏതൊരാൾക്കുമുള്ള അതേ പരിഗണന മാത്രമാണ് വനം വകുപ്പിന്റെ അംഗീക‌ൃത ലൈസൻസ് നേടിയവർക്കുമുള്ളതെന്ന് ചുരുക്കം.

സ്വന്തം ചെലവിൽ ചികിത്സ നടത്തണം. ചികിത്സാചെലവിന് ആനുപാതികമായി 75,000 രൂപ വരെ സഹായം വനം വകുപ്പ് അനുവദിക്കും. റാന്നി ഫോറസ്റ്റ് ഡിവിഷനിൽ വിവരങ്ങളും രേഖകളും സമർപ്പിച്ചുവേണം തുക കൈപ്പറ്റാൻ.

സർപ്പ ആപ്പ്

ചുനക്കര ഗ്രാമപഞ്ചായത്തംഗം സവിത സുധിയാണ് ജില്ലയിൽ പാമ്പുപിടിക്കാൻ ലൈസൻസുള്ള ഏക വനിത. 38 പുരുഷന്മാരും വിവിധ മേഖലകളിൽ തൊഴിലെടുക്കുന്നവരാണ്. എല്ലാവരും സ്വന്തം താത്പര്യപ്രകാരം മേഖലയിലെത്തിയവരാണ്. പാമ്പുകളുടെ സംരക്ഷണം, ബോധവത്ക്കരണം, ജനങ്ങളുടെ സുരക്ഷ എന്നിവ മുൻനിർത്തി ആരംഭിച്ച സർപ്പ ആപ്പ് വഴി ജനങ്ങൾക്ക് പാമ്പ് പിടുത്തക്കാരെ ബന്ധപ്പെടാം.

പാമ്പുകടിയേറ്റാൽ

ചികിത്സാസഹായം: പരമാവധി ₹ 75,000

സ്ഥിരംഅംഗവൈകല്യം,​ മരിച്ചാൽ : ₹ 2 ലക്ഷം

പാമ്പ് പിടുത്തത്തിൽ താൽപര്യമുണ്ടെന്ന് അറിയിക്കുന്നവർക്ക് ഏകദിന പരിശീലനവും സർട്ടിഫിക്കറ്റും നൽകുന്നുണ്ട്. ജോലിക്കിടെ കടിയേൽക്കുന്നവർക്ക് ആശ്വാസമായി ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹെഡ്ക്വാർട്ടേഴ്സിൽ കത്ത് നൽകിയിട്ടുണ്ട്

- ഫെൻ ആന്റണി, ഡെപ്യുട്ടി കൺസർവേറ്റർ ഒഫ് ഫോറസ്റ്റ്, ആലപ്പുഴ സോഷ്യൽ ഫോറസ്ട്രി