
ആലപ്പുഴ : ഉയരപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് അരൂർ - തുറവൂർ മേഖലയിലെ ഗതാഗതപ്രശ്നങ്ങൾ പരിഹരിക്കാൻ തുറവൂർ-കുമ്പളങ്ങി തീരദേശ റോഡും തുറവൂർ-തൈക്കാട്ടുശ്ശേരി റോഡും ദേശീയപാത അതോറിട്ടി ഭാഗികമായി ടാർ ചെയ്യും. കൂടുതൽ വാഹനങ്ങൾ ഇതുവഴി കടത്തിവിടും. ജില്ലയിലെ ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള പരാതികൾ ചർച്ച ചെയ്യാനും നിർമ്മാണ പുരോഗതി വിലയിരുത്താനും ജില്ലാകളക്ടർ അലക്സ് വർഗീസിന്റെ അദ്ധ്യക്ഷതയിൽ കെ.സി.വേണുഗോപാൽ എം.പിയുടെ സാന്നിദ്ധ്യത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. തുറവൂർ- കുമ്പളങ്ങി തീരദേശ റോഡിലെ 10 കിലോമീറ്ററും തൈക്കാട്ടുശ്ശേരി റോഡിൽ അഞ്ച് കിലോമീറ്ററുമാണ് ടാർ ചെയ്യുക. ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രൻ, ദേശീയ പാത അതോറിട്ടി റീജിയണൽ ഓഫീസർ (ആർ.ഒ) ബി.എൽ.മീണ, പ്രോജക്ട് ഡയറക്ടർ പി.പ്രദീപ്, സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ (എൽ.എ) ഡി.സി.ദിലീപ് കുമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
മറ്രുതീരുമാനങ്ങൾ
കായംകുളം ഒ.എൻ.കെ ജംഗ്ഷനിലെ അടിപ്പാതയുടെ ഉയരം കുറഞ്ഞത് 4.5 മീറ്റർ ഉറപ്പുവരുത്തും
ഹരിപ്പാട്, അമ്പലപ്പുഴ ഫ്ലൈ ഓവറുകളുടെ നീളം കൂട്ടണമെന്ന ആവശ്യത്തിൽ ആർ.ഒയുടെ നേതൃത്വത്തിൽ സംയുക്തപരിശോധന നടത്തും
മാരാരിക്കുളം കളിത്തട്ട്, പൊന്നാംവെളി എന്നിവിടങ്ങളിൽ അടിപ്പാതവേണമെന്ന ആവശ്യത്തിലും പരിശോധന നടത്തും
അർത്തുങ്കൽ അടിപ്പാതയുടെ നിർമ്മാണം വേഗത്തിലാക്കും