
ആലപ്പുഴ : ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ, ജീവനക്കാർക്കും പൊതുജനങ്ങൾക്കുമായി ഓപ്പൺ ജിം തുറന്നു കൊടുത്തു. ആർ.എം.ഒ ക്വാർട്ടേഴ്‌സിനു സമീപം സ്ഥാപിച്ച ഓപ്പൺ ജിമ്മിന്റെ ഉദ്ഘാടനവും ഹരിത പ്രോട്ടോകോൾ പ്രഖ്യാപനവും നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ നിർവ്വഹിച്ചു.
ചടങ്ങിൽ പവർ ലിഫ്റ്റിംഗ് ദേശീയ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ നഴ്‌സിംഗ് അസിസ്റ്റന്റ് എൽ.ഇന്ദിരയെ ആദരിച്ചു. നവകേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ.എസ്.രാജേഷ് ഹരിത പ്രോട്ടോകോൾ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സൂപ്രണ്ട് ഡോ.ആർ.സന്ധ്യ അദ്ധ്യക്ഷത വഹിച്ചു. ഡി.പി.എം ഡോ.കോശി പണിക്കർ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.കെ.വേണുഗോപാൽ, ആർ.എം.ഒ ഇൻ ചാർജ്ജ് ഡോ.പി.എ.സെൻ, എച്ച്.എം.സി പ്രതിനിധികളായ അഗസ്റ്റിൻ കരിമ്പുംകാല, വി.ബി.അശോകൻ, സഞ്ജീവ് ഭട്ട്, നഴ്‌സിംഗ് സൂപ്രണ്ട് റസി.പി.ബേബി, പി.ആർ.ഒ ബെന്നി അലോഷ്യസ്, പി.എസ്.കെ.ശ്രീലത, ജെ.എച്ച്.ഐ ടി.എസ്.പീറ്റർ, ഡോ.സി.പി.പ്രിയദർശൻ തുടങ്ങിയവർ സംസാരിച്ചു.
ജിംനാസ്റ്റിക് സെന്ററിൽ
പവർ ടവർ, പുൾ അപ്-ചിൻ അപ് ബാർ, ഡിപ്-സ്റ്റേഷൻ, സീറ്റഡ് ട്വിസ്റ്റർ, എയർ വാക്കർ, ആം വീൽ എക്‌സർസൈസ് മെഷീൻ, സിറ്റ് അപ് ബോർഡ്, ആബ്‌സ് ഷെയ്പർ, സൈക്കിൾ, ക്രോസ് ട്രെയിനർ
ഹരിത പ്രോട്ടോക്കോൾ
ജനറൽ ആശുപത്രി പൂർണ്ണമായും പ്രകൃതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഹരിത പ്രോട്ടോകോൾ പ്രഖ്യാപനം. ആശുപത്രിയിൽ എത്തുന്നവർ ഭക്ഷണസാധനങ്ങളും മറ്റും കൊണ്ടുവരുന്നതിന് സ്റ്റീൽ പാത്രങ്ങൾ, തുണിസഞ്ചികൾ തുടങ്ങിയവ ഉപയോഗിക്കാൻ ഹരിത പ്രോട്ടോകോൾ പ്രഖ്യാപനം സഹായിക്കുമെന്ന് നഗരസഭാദ്ധ്യക്ഷ കെ.കെ. ജയമ്മ പറഞ്ഞു.