ആലപ്പുഴ : നഗരത്തിൽ സർവീസ് നടത്തുന്ന സ്വകാര്യബസുകളിൽ വിദ്യാർത്ഥികളെ കയറ്റുന്നില്ലെന്ന് വ്യാപകപരാതി ഉയരുന്നു. സ്കൂളുകളിലെ ഐഡന്റിറ്റി കാർഡും കൺസെഷൻ കാർഡും കാണിച്ചാലും അനാവശ്യമായ തർക്കങ്ങൾ ഉന്നയിച്ച് കൺസെഷൻ നിഷേധിക്കുന്നതായി വിദ്യാർത്ഥികൾ പറയുന്നു.
ബസ് ജീവനക്കാർ യൂണിഫോമോ നെയിം ബാഡ്ജോ ധരിക്കാൻ കൂട്ടാക്കാത്തതിനാൽ മോശമായി പെരുമാറുന്നവരെ തിരിച്ചറിയാനോ ഇവർക്കെതിരെ പരാതി നൽകാനോ സാധിക്കുന്നില്ല. അദ്ധ്യയന വർഷാരംഭകാലത്ത് മോട്ടോർ വാഹനവകുപ്പും പൊലീസും ബസുകളിൽ ഇടയ്ക്കിടെ പരിശോധന നടത്താറുണ്ടായിരുന്നെങ്കിലും ഓണാവധിക്ക് ശേഷം പരിശോധനകളൊന്നുമുണ്ടായിട്ടില്ല. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി ബസുകളിൽ ഡോർ അടച്ചുള്ള യാത്ര ഉറപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ് നടത്തിയിരുന്ന പരിശോധനകളും ഇപ്പോൾ കാര്യമായില്ല. സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികളെ കയറ്റാത്തതിനെതിരെയും കൺസെഷൻ നിഷധിക്കുന്നതിനെതിരെയും രക്ഷിതാക്കൾ ഇന്നലെ കളക്ടറെ പരാതി അറിയിച്ചു.
പരിശോധന കുറഞ്ഞു, പഴയ ശീലം വീണ്ടും
 ബസുകൾക്ക് അമിതവേഗവും അശ്രദ്ധമായ ഡ്രൈവിംഗുമെന്ന് പരാതി ഉയരുന്നു
 വിദ്യാർത്ഥികളെ കയറ്റുന്നതിൽ ചില ബസ് ജീവനക്കാർ വിമുഖത കാട്ടുന്നു
 സ്കൂളുകൾക്ക് സമീപത്തെ സ്റ്റോപ്പുകളിൽ ബസ് കൃത്യമായി നിറുത്താൻ മടിക്കുന്നു
 എല്ലാ ബസ് ജീവനക്കാരും യൂണിഫോമോ നെയിം ബാഡ്ജോ ധരിക്കുന്നില്ല
 ഡോർ അടച്ചിട്ട് യാത്ര നടത്തണമെന്ന നിർദ്ദേശവും ലംഘിക്കപ്പെടുന്നു
സിറ്റി സർവീസുകൾ : 130
വിദ്യാർത്ഥികൾക്ക് യാത്രാസൗകര്യമൊരുക്കാൻ മോട്ടോർ വാഹന വകുപ്പോ പൊലീസോ അടിയന്തരമായി ഇടപെടണം
- രക്ഷിതാക്കൾ