ആലപ്പുഴ : വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷന്റെ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാനെത്തി വനിതാ എ.എസ്.ഐയെ മർദ്ദിച്ച മൂവർ സംഘത്തിലെ ഒരാളെ ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റു ചെയ്തു.

വൈറ്റില പൊന്നുരുന്നി കാട്ടിൽത്തറ മായിത്തറ പറമ്പിൽ അനിരുദ്ധനാണ് (63) അറസ്റ്റിലായത്. അക്രമിസംഘത്തിലെ മറ്റ് രണ്ടുപേർക്കായി അന്വേഷണം ശക്തമാക്കി. ആലപ്പുഴ ട്രാഫിക് സ്റ്റേഷനിലെ എ.എസ്.ഐ കെ.വി.വിജുവിനാണ് മർദ്ദനമേറ്റത്. ഞായറാഴ്ച വൈകിട്ട് 3 മണിയോടെയാണ് സംഭവം. സമ്മേളനത്തിന് വന്ന സംഘത്തിന്റെ വാഹനം ജില്ലാ കോടതിപാലത്തിന് വടക്കേകരയിൽ അനധികൃതമായി പാർക്ക് ചെയ്തു. പൊലീസിന്റെ നിർദ്ദേശം പാലിക്കാത്ത വാഹനത്തിന്റെ നമ്പർപ്ളേറ്റിന്റെ ഫോട്ടോ എടുക്കുന്നതിനിടെ എ.എസ്.ഐയുടെ കൈപിടിച്ച് തിരിച്ച ശേഷം ഇവർ മർദ്ദിക്കുകയായിരുന്നു. തു‌ടർന്ന് സംഘം എ.എസ്.ഐയുടെ ഫോട്ടോ എടുക്കാൻ ശ്രമിച്ചു. വിജുവിനെ ജനറൽ ആശുപത്രിയിൽ എത്തിച്ച് കൈയ്ക്ക് പ്ളാസ്റ്റർ ഇട്ടു.