അമ്പലപ്പുഴ: ഫോക്കസ് അമ്പലപ്പുഴയുടെ നവരാത്രി മഹോത്സവത്തിന് നാളെ തുടക്കമാകും. ഇതോടൊപ്പം പത്മശ്രീ തിലകൻ നാടകോത്സവവും അമ്പലപ്പുഴ ബ്രദേഴ്സ് സംഗീതോത്സവവും നടക്കുമെന്ന് ചെയർമാൻ സി.രാധാകൃഷ്ണൻ ,ജനറൽ സെക്രട്ടറി വി.രംഗൻ, ചീഫ് കോ ഓർഡിനേറ്റർ എം.സോമൻ പിള്ള, ട്രഷറർ ബി.സജീവ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നാളെ വൈകിട്ട് 6ന് അമ്പലപ്പുഴ കച്ചേരി മുക്കിന് കിഴക്കുവശം മുൻ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം നിർവഹിക്കും.ചെയർമാൻ സി.രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. രാത്രി 8.30 ന് മംഗള വാദ്യ സംഗീതം നടക്കും. വ്യാഴാഴ്ച വൈകിട്ട് 6.30ന് സംഗീത സന്ധ്യ, രാത്രി 8.30 ന് കടവൂർ നടനസഭയുടെ റിപ്പോർട്ട് നമ്പർ 79 എന്ന നാടകം, വെള്ളി രാത്രി 8.30 ന് ആറ്റിങ്ങൽ ശ്രീധന്യയുടെ അപ്പ നാടകം, ശനി വൈകിട്ട് 7.30 ന് സംഗീതക്കച്ചേരിയും രാത്രി 8. 30ന് കൊച്ചിൻ ചന്ദ്രകാന്തയുടെ ഉത്തമന്റെ സങ്കീർത്തനം നാടകം, ഞായർ വൈകിട്ട് 7ന് നൃത്തം, രാത്രി 8.30ന് കൈകൊട്ടിക്കളിയും, തിങ്കൾ വൈകിട്ട് 7.30 ന് സംഗീതക്കച്ചേരി, രാത്രി 8.30 ന് അമ്പലപ്പുഴ അക്ഷര ജ്വാലയുടെ അനന്തരം നാടകം. 15 ന് വൈകിട്ട് 6ന് സമാപന സമ്മേളനം എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യും.സി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും