ph

കായംകുളം : പുനർനിർമ്മാണം നടക്കുന്ന ദേശീയപാതയിൽ കൃഷ്ണപുരം മുതൽ കൊറ്റുകുളങ്ങരവരെയുള്ള ഭാഗത്ത് റോഡിൽ കുഴികൾ നിറഞ്ഞതോടെ യാത്ര കഠിനമായി. ആവശ്യമായ സൂചനാബോർഡുകൾ സ്ഥാപിക്കാതെയും ഗതാഗതം വഴിതിരിച്ചു വിടാൻ ജീവനക്കാരെ നിയമിക്കാതെയും നിർമ്മാണം നടക്കുന്നതിനാൽ രാത്രികാലങ്ങളിൽ അപകടങ്ങൾ പെരുകുന്നു.

ദേശീയപാത നവീകരണത്തിന്റെ ഭാഗമായി റോഡിൽ നിർമ്മാണപ്രവർത്തനം നടക്കുമ്പോൾ ഏതുവഴി പോകണമെന്ന ആശയക്കുഴപ്പത്തിലാണ് യാത്രക്കാർ. മഴക്കാലമായതോടെ റോഡ് പലയിടത്തും വിണ്ടുകീറി. കൃഷ്ണപുരത്തിനും കൊറ്റുകുളങ്ങരയ്ക്കും ഇടയിൽ 25 ഓളം സ്ഥലത്ത് റോഡിൽ കുഴി രൂപപ്പെട്ടിട്ടുണ്ട്. ജി.ഡി.എം, കോളേജ് ജംംഗ്ഷൻ, ചിറക്കടവം, കമലാലയം ജംഗ്ഷൻ എന്നിവിടങ്ങളിലെല്ലാം റോഡിൽ കുഴി രൂപപ്പെട്ടിട്ടുണ്ട്. കൊറ്റുകുളങ്ങരയിലും ദേശീയപാതയിൽ നിന്ന് ഇടറോഡുകളിലേക്ക് തിരിയുന്ന സ്ഥലങ്ങളെല്ലാം തകർന്ന് കിടക്കുകയാണ്.

അപകടക്കെണിയായി കമലാലയം ജംഗ്ഷൻ

 കമലാലയം ജംഗ്ഷനിലെ വലിയ കുഴിയിൽ കഴിഞ്ഞദിവസം പതിനഞ്ചോളം വാഹനങ്ങൾ അപകടത്തിൽപ്പെട്ടു

 സമീപത്തെ ഓട്ടോസ്റ്റാന്റിലുള്ളവരും കടക്കാരും ചേർന്നാണ് അപകടത്തിൽപ്പെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നത്

 പുതുപ്പള്ളി ഭാഗത്തു നിന്ന് ദേശീയപാതയിലേക്ക് കയറുന്നിടത്താണ് കുഴിയെന്നതിനാൽ അപകടസാദ്ധ്യത കൂടുതലാണ്

 ഇരുചക്ര വാഹനയാത്രക്കാരാണ് അപകടത്തിൽപ്പെടുന്നവരിലേറെയും. കാറുകളും കുഴിയിൽ വീണ് നിയന്ത്രണം തെറ്റുന്നുണ്ട്

കായംകുളത്ത് ദേശീയപാതയിലൂടെയുള്ള സഞ്ചാരം അപകടം പിടിച്ചതാണ്. ഒരുവശത്ത് നിർമ്മാണം നടക്കുമ്പോൾ മറുവശത്ത് തകർന്ന റോഡിൽ അപകടം പെരുകുന്നു

-യാത്രക്കാർ