പരാതിക്കാർ കോടതിയിലേക്ക്

ആലപ്പുഴ: നെഹ്രുട്രോഫി വള്ളംകളി ഫൈനൽ മത്സരത്തിലെ വിജയിയെ ചൊല്ലിയുള്ള തർക്കത്തിൽ ജൂറി ഒഫ് അപ്പീൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിശോധന പൂർത്തിയായി. കാരിച്ചാൽ ചുണ്ടൻ വിജയിയായി പ്രഖ്യാപിച്ച തീരുമാനം പുനഃപരിശോധിക്കേണ്ടതില്ലെന്ന് ജൂറി വിലയിരുത്തി. ഈ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന്

വീയപുരം, നടുഭാഗം ചുണ്ടനുകൾ തുഴഞ്ഞ വി.ബി.സി കൈനകരി, കുമരകം ടൗൺ ബോട്ട്ക്ലബ് ഭാരവാഹികൾ അറിയിച്ചു.

പരാതി ഉന്നയിച്ചവർ നൽകിയ കൂടുതൽ ദൃശ്യങ്ങളും ഔദ്യോഗികവീഡിയോയും ജൂറി ഒഫ് അപ്പീൽ വിശദമായി പരിശോധിച്ചു. സ്റ്റാർട്ടിംഗിൽ കുമരകം ടൗൺ ബോട്ട് ക്ലബ് തുഴ പൊക്കിപ്പിടിച്ചതായി കണ്ടെത്തി. മത്സര നിബന്ധനപ്രകാരം അവർ തുഴയേണ്ടതായിരുന്നു. ട്രാക്ക് ക്ലിയറാണ് എന്ന് ഉറപ്പാക്കി ചീഫ് അമ്പയർ സ്റ്റാർട്ടിംഗിന് അനുമതി നൽകിയതിനാലാണ് ചീഫ് സ്റ്റാർട്ടർ സ്റ്റാർട്ടിംഗ് നടത്തിയത്. അതിനാൽ പരാതി പുനഃപരിശോധിക്കേണ്ട സാഹചര്യമുള്ളതായി കാണുന്നില്ലെന്നും യോഗം വിലയിരുത്തി. ജൂറി ഒഫ് അപ്പീലിന്റെ വിലയിരുത്തലിൽ ഫലപ്രഖ്യാപനത്തിൽ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്ന് എൻ.ടി.ബി.ആർ സൊസൈറ്റി ചെയർമാൻ കൂടിയായ കലക്ടർ അലക്സ് വർഗീസ് വ്യക്തമാക്കി. എ.ഡി.എം ആശ സി.എബ്രഹാം, ജില്ലാ ഗവൺമെന്റ് പ്ലീഡർ അഡ്വ. വേണു, ജില്ലാ ലോ ഓഫീസർ അഡ്വ. അനിൽകുമാർ, എൻ.റ്റി.ബി.ആർ സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുൻ എം.എൽ.എ സി.കെ.സദാശിവൻ, ചുണ്ടൻവള്ളം ഉടമ അസോസിയേഷൻ പ്രസിഡന്റ് ആർ.കെ കുറുപ്പ് എന്നിവരടങ്ങിയതാണ് ജൂറി ഒഫ് അപ്പീൽ.

"ജൂറി ഓഫ് അപ്പീൽ കമ്മിറ്റിയുടെ തീരുമാനം ഏകപക്ഷീയമാണ്. നീതിപൂർവവുമല്ല. പരാതി ഉന്നയിച്ചവർ നൽകിയ കൂടുതൽ ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ പോലും ഏകപക്ഷീയമായ നിലപാടാണ് സ്വീകരിച്ചത്.

- പി.വി.മാത്യു, വില്ലേജ് ബോട്ട് ക്ലബ് ,കൈനകരി

ഫലപ്രഖ്യാപന പരാതിയിൽ എൻ.ടി.ബി.ആർ സൊസൈറ്റി ഏകപക്ഷീയമായി എടുത്ത തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിക്കും. സ്റ്റാർട്ടിംഗിലെ പിഴവാണ് ഞങ്ങൾക്ക് ഒന്നാംസ്ഥാനം നഷ്ടമാക്കിയത്.

- രാജേഷ്, സെക്രട്ടറി, കുമരകം ടൗൺ ബോട്ട് ക്ലബ്