
ഹരിപ്പാട് : ഗുണമേന്മയുള്ള ഉരുക്ക് വെളിച്ചെണ്ണ വിപണിയിൽ എത്തിച്ച് അരിപ്പാടം കർഷക കൂട്ടായ്മ. കൃഷിയിട ആസൂത്രണ പദ്ധതി പ്രകാരം ഹരിപ്പാട് കാർഷിക ബ്ലോക്കിലെ കർഷകരെ ഉൾപ്പെടുത്തി രൂപവത്കരിച്ച അരിപ്പാടം കർഷക ഉത്പാദക സംഘടനയുടെ (എഫ്.പി.ഒ) നേതൃത്വത്തിലാണ് ഡാണാപ്പടി കേന്ദ്രമാക്കി ഉരുക്ക് വെളിച്ചെണ്ണയുടെ നിർമാണ യൂണിറ്റ് ആരംഭിച്ചത്. സംരഭത്തിന്റെ ഉദ്ഘാടനം മന്ത്രി പി.പ്രസാദ് നിർവഹിച്ചു. അരിപ്പാടം എഫ്.പി.ഒ.പ്രസിഡന്റ് തുളസിഗണപതി അധ്യക്ഷത വഹിച്ചു.. ജില്ല പഞ്ചായത്തംഗം ജോൺ തോമസ് ലോഗോ പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ കൃഷി ഓഫീസർ സി.അമ്പിളി പദ്ധതി വിശദീകരിച്ചു. ഹരിപ്പാട് നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിനു ആർ.നാഥ്, വാർഡ് കൗൺസിലർ പി.ബി. സുറുമിമോൾ, സി.പി.ഐ ഹരിപ്പാട് മണ്ഡലം സെക്രട്ടറി സി.വി.രാജീവ്, കൃഷി അസി.ഡയറക്ടർ ബെറ്റി വർഗീസ്, ഡോ.വി.മിനി, ജിസ്സി ജോർജ് തുടങ്ങിയവർ സംസാരിച്ചു. അരിപ്പാടം എഫ്.പി.ഒ.സെക്രട്ടറി വി.വാണി സ്വാഗതവും ജോയിന്റ് സെക്രട്ടറി ജയാംബിക രാജപ്പൻ നന്ദിയും പറഞ്ഞു.
കൃഷിവകുപ്പ് അനുവദിച്ചത്
10 ലക്ഷം രൂപ
വിപണനം എക്കോഷോപ്പുകളിലൂടെ
 കൃഷിവകുപ്പിന്റെ എക്കോ ഷോപ്പുകൾ വഴിയാകും തുടക്കത്തിൽ വെളിച്ചെണ്ണ വിപണനം
 പൂർണമായും സർക്കാർ സഹായത്തോടെ കൃഷിയിട ആസൂത്രണ പദ്ധതി പ്രകാരം രൂപവത്കരിച്ച എഫ്.പി.ഒ. ആരംഭിക്കുന്ന ആദ്യ സംരംഭം
കൃഷിയിടത്തിന്റെ ആസൂത്രണം ഓഫീസിലിരുന്നല്ല കൃഷിയിടത്തിലെത്തിയാണ് നിർവഹിക്കേണ്ടതാണ്. 5000 മൂല്യ വർദ്ധിത ഉത്പന്നങ്ങളാണ് കേരള ഗ്രോ ബ്രാന്റിലൂടെ വിപണനം ചെയ്യുന്നത്. മൂല്യവർദ്ധിത ഉത്പന്നങ്ങൾക്ക് സർക്കാർ നൽകുന്ന പ്രോത്സാഹനത്തിന്റെ വിജയമാണിത്
- പി.പ്രസാദ്, കൃഷിമന്ത്രി