ഹരിപ്പാട് : കേന്ദ്ര സർക്കാരിന്റെ തീരപരിപാലന നിയമത്തിന്റെ കുരുക്കിൽപ്പെട്ടത് തൃക്കുന്നപ്പുഴ, ആറാട്ടുപുഴ ഗ്രാമവാസികൾക്ക് തിരിച്ചടിയാകുന്നു. അറബിക്കടലിനും കായലിനും ഇടയിൽ നാടപോലെകിടക്കുന്ന ആറാട്ടുപുഴയുടെ ഏറിയ ഭാഗവും നിയമത്തിന്റെ പരിധിയിൽ വരുന്നതിനാൽ തീരവാസികളുടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് . വീട് വയ്ക്കാനുള്ള അനുമതിയും ബാങ്കുകളിൽ നിന്നും വായ്പകളും സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള ലൈസൻസും നിയമത്തിന്റെ പേരിൽ നിഷേധിക്കപ്പെടുകയാണ്.

കടലിനും കായലിനും ഇടയിൽ 50 മുതൽ 500 മീറ്റർ വരെ വീതിയിലാണ് ആറാട്ടുപുഴ പഞ്ചായത്തിന്റെ ഭൂരിഭാഗവുമുള്ളത്. ഇപ്പോഴത്തെ ദൂരപരിധി പരിഗണിക്കുകയാണെങ്കിൽ ആറാട്ടുപുഴയുടെ ഭൂരിഭാഗം സ്ഥലങ്ങളിലേയും ജനങ്ങൾക്ക് ഇവിടെ വീട് വയ്ക്കേണ്ടിവരില്ല. നിലവിലെ വീടുകളുടെ അറ്റകുറ്റപ്പണികളും പുനർനിർമാണങ്ങളും അനുവദിച്ചിട്ടുണ്ടെങ്കിലും വിസ്തൃതി വർധിപ്പിക്കാൻ നിയമം അനുവദിക്കുന്നില്ല. ലൈഫ് പദ്ധതിയിലേക്ക് തിരഞ്ഞെടുത്ത കുടുംബങ്ങൾക്ക് പോലും നിയമത്തിൽ ഇളവില്ല. നിർമാണത്തിനായി ഉണ്ടായിരുന്ന വീടുകൾ പൊളിച്ചു കളഞ്ഞവരാണ് ബുദ്ധിമുട്ടുന്നവരിൽ ഏറെയും. മറ്റു മാർഗമില്ലാത്തതിനാൽ, വീട് നിർമിച്ചവർക്ക് താല്കാലിക വീട്ടു നമ്പരാണ് (യു.എ .നമ്പർ )അനുവദിക്കുന്നത്. നിയമത്തിൽ ഇളവ് ലഭിക്കുമെന്ന് പ്രതീക്ഷിച്ച് നൂറുകണക്കിന് അപേക്ഷകളാണ് പഞ്ചായത്തുകളിൽ കെട്ടിക്കിടക്കുന്നത്. തീരപരിപാലന നിയമത്തിൻ്റെ പരിധിയിൽ വരുന്ന സ്ഥലങ്ങൾ ബാങ്കുകൾ ഈടായി സ്വീകരിക്കുകയില്ല. പല ബാങ്കുകളിലും ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ സി.ആർ.ഇസഡ് പരിധിയിൽ താമസിക്കുന്നവർക്ക് വായ്പ നൽകില്ലെന്ന് നോട്ടീസ് പതിച്ചിട്ടുണ്ട്.

വീടിനും കടയ്ക്കും അനുമതിയില്ല

 ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകൾ നിലവിൽ സി.ആർ.ഇസഡ് 3 ബി യിലാണ്

 ഇതിൽ കടലിൽ നിന്ന് 200 മീറ്റർ അകലത്തിന് ശേഷമേ നിർമ്മാണം നടത്താൻ കഴിയുകയുള്ളൂ

 ജനസാന്ദ്രത ച.കിലോമീറ്ററിൽ 2161-ൽ കൂടുതലുള്ളള്ള പഞ്ചായത്തുകളെ സി.ആർ.ഇസഡ് - 3 എ യിൽ ഉൾപ്പെടുത്തേണ്ടതാണ്

 ഈ വിഭാഗത്തിൽ കടലിൽ നിന്ന് 50 മീറ്ററാണ് വീടു നിർമ്മാണത്തിനുള്ള ദൂരപരിധി

തൃക്കുന്നപ്പുഴ, ആറാട്ടുപുഴ ഗ്രാമ പഞ്ചായത്തുകൾ സി.ആർ.ഇസഡ് - രണ്ടിൽ ഉൾപ്പെടുത്തണമെന്നായിരുന്നു ആവശ്യം

50മീ.

ആറാട്ടുപുഴയിൽ ചിലഭാഗങ്ങളിൽ കടലിനും കായലിനും ഇടയിലെ വീതി

പിന്നാക്ക വികസന കോർപ്പറേഷൻ, വ്യവസായ വകുപ്പ് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളിൽ നിന്നും വായ്പകൾപോലും ലഭിക്കാത്ത സ്ഥിതിയാണ്

- പ്രദേശവാസികൾ