ഹരിപ്പാട്: ഹൃദ്രോഗിയായ പൊടിയനും കുടുംബത്തിനും കരുതലിന്റെ തണലിൽ അന്തിയുറങ്ങാനുള്ള വീട് നിർമാണത്തിന് നാളെ തുടക്കമാകും. ആറാട്ടുപുഴ സ്വദേശിയായ പൊടിയനും ഭാര്യയും ആറ് വയസുകാരി മകളുമായി വർഷങ്ങളോളം വാടക വീടുകളിലാണ് അന്തിയുറങ്ങുന്നത്. വാടക നൽകാൻ പോലും കഴിയാതെ ദുരിതമനുഭവിക്കുന്ന ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ ശ്രദ്ധയിൽപ്പെട്ട ഹരിപ്പാട് കരുതൽ ഉച്ചയൂണ് കൂട്ടായ്മ ചെയർമാൻ ഷാജി.കെ.ഡേവിഡ് മുൻകൈയെടുത്ത് പപ്പട ചലഞ്ച് സംഘടിപ്പിച്ച് വാടകയ്ക്കുള്ള പണം കണ്ടെത്തിയിരുന്നു. ഉപജിവനത്തിനായി ലോട്ടറിക്കച്ചവടത്തിനുള്ള സഹായവും നൽകി. മറ്റൊരു നിർദ്ധന കുടുംബത്തിന് വീടു നിർമ്മാണത്തിനായി ഷാജി.കെ.ഡേവിഡ് തന്റെ പിറന്നാൾ ദിനത്തിൽ പായസ ചലഞ്ച് സംഘടിപ്പിച്ചിരുന്നു. സുമനസുകളുടെ കാരുണ്യം കൊണ്ട് ആ കുടുംബത്തിന് വീട് നിർമാണം പൂർത്തിയായി. ഇതിൽ നിന്ന് മിച്ചം വന്ന ഒന്നേകാൽ ലക്ഷം രൂപ ചെലവഴിച്ച് പൊടിയനും കുടുംബത്തിനുമായി വസ്തു വാങ്ങാൻ കഴിഞ്ഞു. നാളെ രാവിലെ 9ന് ഗൃഹനാഥൻ പൊടിയൻ വീടിന്റെ ശിലാസ്ഥാപന കർമം നടത്തും. വീടിന്റെ പൂർത്തീകരണം ക്രിസ്മസ് ദിനത്തിൽ നടത്താനാണ് തീരുമാനം. കരുതലിന്റെ കൂട്ടായ്മയിൽ നിർമിക്കുന്ന 701-ാമത് വീടാണിത്.