
ചാരുംമൂട് : ചത്തിയറ പാലം നിർമ്മാണം വൈകുന്നതിൽ ബി.ജെ.പി ചാരുംമൂട് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പാലം നിർമ്മാണത്തിന് ഒച്ചിന്റെ വേഗത പോലും ഇല്ലെന്നും വിദ്യാർത്ഥികളടക്കമുള്ള ജനങ്ങൾ വലയുകയാണെന്നും പൊതുമരാമത്ത് വകുപ്പിനും എം.എൽ.എയ്ക്കും ഗ്രാമപഞ്ചായത്തിനും ഈ വിഷയത്തിൽ താല്പര്യമില്ലെന്നും ബി.ജെ.പി മണ്ഡലം കമ്മിറ്റി ആരോപിച്ചു . ചാരുംമൂട് മണ്ഡലം കമ്മറ്റി പ്രസിഡന്റ് പ്രഭകുമാർ മുകളയ്യത്തിന്റെ നേതൃത്വത്തിൽ മാവേലിക്കര പൊതുമരാമത്ത് വകുപ്പു അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസിന് മുമ്പിലാണ് പ്രതിഷേധിച്ചത്. യുവമോർച്ച സംസ്ഥാന സെക്രട്ടറി ജി.ശ്യാംക്യഷ്ണൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ബിനു ചാങ്കൂരേത്ത്, സന്തോഷ് ചത്തിയറ, വൈസ് പ്രസിഡന്റുമാരായ അനിൽ, സുനിത ഉണ്ണി തുടങ്ങിയവർ നേത്യത്വം നൽകി.