ചേർത്തല: അർത്തുങ്കൽ ബീച്ച് ഫെസ്റ്റ് സംഘാടക സമിതിയെ തിരഞ്ഞെടുത്തു. ഡിസംബർ 29,30,31 തീയതികളിലായി അർത്തുങ്കൽ ബീച്ച് ഫെസ്റ്റ് 2കെ 25 എന്ന പേരിലാണ് ബീച്ച് ഫെസ്റ്റ് നടക്കുന്നത്.അർത്തുങ്കൽ നസ്രാണി ഭൂഷണ സമാജം ഹാളിൽ നടന്ന സംഘാടക സമിതി യോഗത്തിൽ ബാബു ആന്റണി ജനറൽ കൺവീനറായ 24 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.ബീച്ച് ശുചീകരണം,ഘോഷയാത്ര,സാംസ്‌കാരിക സമ്മേളനം, മെരിറ്റ് വിതരണം,വിവിധ സംഗീത പരിപാടികൾ എന്നിവയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

ചേർത്തല തെക്ക് പഞ്ചായത്ത് 20-ാം വാർഡ് അംഗം മേരി ഗ്രെയ്സ് അദ്ധ്യക്ഷത വഹിച്ചു.മെൽവിൻ ജോസഫ്, ലൂസി കോര എന്നിവർ സംസാരിച്ചു. ട്രഷറർ ബിജു പീറ്റർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.എൻ.എ.സി.എസ് സെക്രട്ടറി ഗിരീഷ് മഠത്തിൽ സ്വാഗതവും ബോർഡ് അംഗം ടി.സി.ജോസ് കുഞ്ഞ് നന്ദിയും പറഞ്ഞു.