ചെന്നിത്തല : കരിപ്പുഴ തോട് നവീകരണ പദ്ധതിക്ക് ഹൈക്കോടതി വിലക്ക്. ജില്ലാ കളക്ടറോട് കോടതി വിശദീകരണം തേടി. അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയരുന്നതിനനുസരിച്ച് കായംകുളം കായലിലേയ്ക്ക് വെള്ളം ഒഴുകിപോയ്ക്കൊണ്ടിരുന്ന കരിപ്പുഴ തോട് ആഴംകൂട്ടി നവീകരിക്കുന്നതിന് ഇറിഗേഷൻ വകുപ്പ് തയ്യാറാക്കി സർക്കാർ അനുമതി തേടിയ 8 കോടിരൂപ യുടെ പദ്ധതിയാണ് ടെണ്ടർ ആരംഭിക്കാനിരിക്കെ ഹൈക്കോടതി വിലക്കിയത്. പദ്ധതിയിലെ അശാസ്ത്രീയതയും വീഴ്ചയും ചുണ്ടികാട്ടി അപ്പർകുട്ടനാട് സ്വതന്ത്ര നെൽ കർഷക കൂട്ടായ്മ ഭാരവാഹികൾ ഹൈക്കോടതിയിൽ നൽകിയഹർജിയിലാണ് നടപടി.കരിപ്പുഴ തോട്ടിൽ അശാസ്ത്രീയമായി നിർമ്മിച്ച തടയിണയുടെ പില്ലറുകൾ നീക്കം ചെയ്ത് ഇരുവശങ്ങളും ബണ്ട് ഉയർത്തണമെന്നാണ് അപ്പർ കുട്ടനാട് സ്വതന്ത്ര നെൽ കർഷക കൂട്ടായ്മയുടെ ആവശ്യം.ഹൈക്കോടതി ഇടപെടലിനെ തുടർന്ന് കഴിഞ്ഞദിവസം ഇറിഗേഷൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത യോഗത്തിൽ എൻജിനിയർമാരായ ശ്യാം റ്റി.പി , ശീതൾ , രാജേഷ് , അപ്പർ കുട്ടനാട് സ്വതന്ത്ര നെൽ കർഷക കുട്ടായ്മയെ പ്രതിനിധികരിച്ച് പ്രസിഡന്റും ത്യപ്പെരുംന്തുറ ഗ്രാമപഞ്ചായത്തംഗവുമായ ഗോപൻ ചെന്നിത്തല , സെക്രട്ടറി സുരേഷ് പായിപ്പാട് , ജോ. സെക്രട്ടറി തോമസ് കോശി , എക്‌സിക്യൂട്ടിവ് അംഗങ്ങളായ രാമചന്ദ്രൻ , കൊച്ചുമോൻ , മോഹനൻ എന്നിവരും പങ്കെടുത്തു. ഈ വിഷയത്തിന്റെ ഗൗരവം മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്താനും അപ്പർ കുട്ടനാട് സ്വതന്ത്ര നെൽകർഷക കൂട്ടായ്മ തീരുമാനിച്ചിട്ടുണ്ട്.