satha

ആലപ്പുഴ: നാലുവർഷം മുമ്പ് ഉദ്ഘാടനം ചെയ്തെങ്കിലും പ്രവർത്തനം ആരംഭിക്കാനാകാതെ പൂട്ടിയിട്ടിരുന്ന നഗരസഭയുടെ ശതാബ്ദി സ്മാരക മന്ദിരം തുറന്ന്പ്രവർത്തിപ്പിക്കാനുള്ള നീക്കം ഊർജിതമായി. കെട്ടിടത്തിന് വൈദ്യുതി കണക്ഷൻ നൽകുന്നതിനായി ഹൈപവർ ട്രാൻസ് ഫോമർ സ്ഥാപിച്ചാലുടൻ കെട്ടിടം പ്രവർത്തന ക്ഷമമാകും. കെ.എസ്.ഇ.ബി അധികൃതർ ട്രാൻസ്ഫോമറിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കി അത് സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഈമാസം ട്രാൻസ്ഫോർമർ സ്ഥാപിക്കാനാകുമെന്നാണ് കെ.എസ്.ഇ.ബി അധികൃതർ പറയുന്നത്. വൈദ്യുതി

കണക്ഷനൊപ്പം നഗരസഭാ ഓഫീസ് ഇവിടേക്ക് മാറ്റുന്നതിനുള്ള മറ്റ് സൗകര്യങ്ങളും സജ്ജമാക്കിവരികയാണ്.

ഇപ്പോഴത്തെ കെട്ടിടത്തിൽ നിന്ന് നഗരസഭ ഓഫീസും കൗൺസിൽ ഹാളും ഉൾപ്പെടെയുള്ള ഓഫീസ് സംവിധാനം പുതിയ കെട്ടിട സമുച്ചയത്തിലേക്ക് മാറ്റും. 52 വാർഡുമാത്രമേ ഉള്ളെങ്കിലും ഭാവിയിൽ കോർപ്പറേഷൻ ആയാൽ 120 പേർക്ക് ഇരിക്കാൻ കഴിയുന്ന തരത്തിലുള്ള കൗൺസിൽ ഹാളാണ് നിർമ്മിച്ചിട്ടുള്ളത്.

ചെയർമാൻ, വൈസ് ചെയർമാൻ, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, റവന്യു, എൻജിനിയറിംഗ്, ആരോഗ്യ വിഭാഗങ്ങൾ എന്നിവർക്ക് പ്രത്യേകം കാബിനുകളുമുണ്ട്.

.........

#പണിതീരും മുമ്പേ ഉദ്ഘാടനം

കളക്ടറേറ്റിനു സമീപം അമ്മൻകോവിലിനടുത്ത് നഗരസഭയുടെ ഉടമസ്ഥതയിലുള്ള 60 സെന്റിൽ 45,000സ്‌ക്വയർ ഫീറ്റിൽ 11.5 കോടി ചെലവഴിച്ച് ഗ്രൗണ്ട് ഫ്ലോർ ഉൾപ്പെടെ അഞ്ച് നില കെട്ടിട നിർമ്മിച്ചത്. ഫർണിച്ചർ ഉൾപ്പെടെയുള്ള ജോലികൾ പൂർത്തികരിക്കാതെ കഴിഞ്ഞ നഗരസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ് ഭരണത്തിൽ കെട്ടിടസമുച്ചയം ഉദ്ഘാടനം ചെയ്തു. നിർമ്മാണചുമതലയുള്ള ഹാബിറ്റാറ്റ് ടെക്നോളജിക്ക് അന്ന് ബിൽ തുക പൂർണമായി നൽകിയില്ല. തുടർന്ന് അധികാരത്തിൽ വന്ന എൽ.ഡി.എഫ് ആദ്യം 2.25കോടി രൂപ പദ്ധതിയിൽ ഉൾപ്പെടുത്തി ബിൽ കുടിശിക തീർത്തു. ക്യാബിനും ഫർണീച്ചറിനുമായി 2.5കോടി രൂപയാണ് ചെലവഴിച്ചത്. കെട്ടിട സമുച്ചയത്തിൽ രണ്ട് ലിഫ്റ്റ് സംവിധാനവും ശീതീകരണ സംവിധാനവും സജ്ജമാണ്.

........

#നിർമ്മാണത്തിൽ അഴിമതി

യു.ഡി.എഫ് പുതിയ കെട്ടിട നിർമ്മാണത്തിന് കാരാർ നൽകിയതു മുതൽ അഴിമതി ആരോപണം ഉയർന്നിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് ഒരുവർഷം കഴിയും മുമ്പേ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണു. വിജിലൻസ് അന്വേഷണം വേണമെന്ന് ഇരുമുന്നണിയും ബി.ജെ.പിയും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കൂടിയ കൗൺസിലിൽ വിഷയം എത്തിയെങ്കിലും കരാർകമ്പനി തകരാർ സംഭവിച്ചത് സ്വന്തം ചെലവിൽ പരിഹരിക്കാൻ നേതാക്കൾ ധാരണയായതോടെ അന്വേഷണം ഇല്ലാതായി.

........

"പുതിയ നഗരസഭ ശതാബ്ദിമന്ദിരം രണ്ട്മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കും. ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിനുള്ള കാലതാമസമാണ് തടസം.

കെ.കെ.ജയമ്മ, ചെയർപേഴ്സൺ, നഗരസഭ