ആലപ്പുഴ: സ്വാഭാവിക വനമില്ലാത്ത ആലപ്പുഴയെ പച്ചപുതപ്പിക്കാനുള്ള മിയാവാക്കി വനം പദ്ധതി ഇഴയുന്നു. 2021 - 2022 സാമ്പത്തികവർഷം സംസ്ഥാനത്ത് ഏറ്റവുമധികം മിയാവാക്കി വനങ്ങൾ നിർമ്മിച്ച ജില്ലയാണ് സ്ഥലപരിമിതിയും സാമ്പത്തിക പ്രതിസന്ധിയും കാരണം നട്ടംതിരിയുന്നത്. കഴിഞ്ഞ വർഷം ജില്ലയിൽ ഒരിടത്ത് പോലും പുതുതായി വനവത്ക്കരണം നടന്നിട്ടില്ല.
ദേശീയപാത വികസനത്തിന്റെ ഭാഗമായി 8900ത്തോളം മരങ്ങൾ മുറിച്ചുമാറ്റേണ്ടിയും വന്നു. ദേശീയപാത അതോറിട്ടിയിൽ നിന്ന് ഫണ്ട് കിട്ടാത്തതിനാൽ പകരം ചെടികൾ വച്ചുപിടിപ്പിക്കാനുമായിട്ടില്ല.
ലഭ്യമാകുന്ന ഭൂമിയിൽ കുറഞ്ഞ സമയത്തിനുള്ളിൽ ചെറുവനങ്ങൾ സൃഷ്ടിക്കുന്നതാണ് മിയാവാക്കി വനം പദ്ധതി. നഗരസഭാ, കോർപ്പറേഷൻ തലങ്ങളിൽ വനം വികസിപ്പിക്കാൻ നഗരവനം, നഗരവാടിക പദ്ധതികളുമുണ്ട്. എന്നാൽ, കേന്ദ്ര മാനദണ്ഡങ്ങൾ പാലിച്ച് പദ്ധതി നടപ്പാക്കാനാവശ്യമായ ഭൂമി ജില്ലയിലില്ല.
ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായി തുറമുഖ മ്യൂസിയത്തോട് ചേർന്ന് 20 സെന്റിലും ജില്ലാ പൊലീസ് എ.ആർ ക്യാമ്പിലെ 5 സെന്റിലുമാണ് അവസാനമായി മിയാവാക്കി വനമൊരുക്കിയത്.
വനമൊരുക്കാൻ സ്ഥലമില്ല
1. നഗരവനം പദ്ധതിക്ക് 10 മുതൽ 50 ഹെക്ടർ വരെയും നഗരവാടികയ്ക്ക് ഒന്ന് മുതൽ 10 ഹെക്ടർ വരെയും ഭൂമി വേണം. ഇത്രയും പുറമ്പോക്ക് ഭൂമി ജില്ലയിൽ കണ്ടെത്താനായിട്ടില്ല
2. ഇതോടെയാണ് വിദ്യാലയങ്ങളിൽ ചെറുവനങ്ങൾ സൃഷ്ടിക്കുന്ന വിദ്യാവനം പദ്ധതിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. 2022ൽ 14 വിദ്യാലയങ്ങളിൽ വനങ്ങൾ ഒരുക്കിയെങ്കിലും തുടർവർഷങ്ങളിൽ ഒന്നും നടന്നില്ല
3.വീയപുരത്ത് സർക്കാർ സംരക്ഷിത വനം രൂപപ്പെടുത്തി ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുമെന്ന പദ്ധതി പ്രഖ്യാപനം പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇഴയുകയാണ്
4. വൃക്ഷത്തൈ വിതരണം കുറച്ച്, പൊതുസ്ഥാപനങ്ങളിൽ ചെറുവനങ്ങളൊരുക്കുന്ന ഇൻസ്റ്റിറ്റ്യൂഷണൽ പ്ലാന്റിംഗ്, വഴിയോരങ്ങളിൽ ചെടി നട്ടുപിടിപ്പിക്കൽ എന്നിവയാണ് കൂടുതലായി നടക്കുന്നത്
വിദ്യാവനങ്ങൾ: 14
ഭൂമിയുടെ ദൗർലഭ്യമാണ് മിയാവാക്കി പദ്ധതിയെ പ്രതിസന്ധിയിലാക്കുന്നത്. ഫണ്ടിന്റെ അപര്യാപ്തതയാണ് വിദ്യാവനം പദ്ധതിക്ക് തടസം
-ഫെൻ ആന്റണി, ജില്ലാഫോറസ്റ്റ് ഓഫീസർ