ആലപ്പുഴ : എഴുപതാമത് നെഹ്റുട്രോഫി മത്സരത്തിലെ വിജയി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടനൊണെന്ന ജൂറി ഒഫ് അപ്പീൽ കമ്മിറ്റിയുടെ അന്തിമതീരുമാനത്തിനെതിരെ കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബും വീയപുരം ചുണ്ടൻവള്ള സമിതിയും, കുമരകം ടൗൺ ബോട്ട് ക്ലബ്ബും ഹൈക്കോടതിയെ സമീപിക്കും.

ജൂറി ഓഫ് അപ്പീൽ കമ്മിറ്റിക്കെതിരെയാണ് കേസ് ഫയൽ ചെയ്യുക. വിജയനിമിഷത്തെ ഫോട്ടോയടക്കം രേഖാമൂലം ആവശ്യപ്പട്ട പല കാര്യങ്ങൾക്കും അധികൃതർ മറുപടി നൽകിയിട്ടില്ലാത്തതിനാൽ വീഡിയോ തെളിവടക്കം ഹാജരാക്കി ഹൈക്കോടതിയെ സമീപിക്കാനാണ് ക്ലബ്ബുകളുടെ തീരുമാനം. കഴിഞ്ഞമാസം 28ന് നടന്ന മത്സരത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ 4.29.785 മിനിട്ടിന് വിജയിച്ചുവെന്നാണ് ഔദ്യോഗിക പ്രഖ്യാപനം. 4.29.790 മിനിട്ടിൽ ഫിനിഷ് ചെയ്ത കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബ് തുഴഞ്ഞ വീയപുരം ചുണ്ടനാണ് രണ്ടാം സ്ഥാനത്തെത്തിയത്. സ്റ്റാർട്ടിങ്ങ് പോയിന്റിൽ തുഴ ഉയർത്തികാട്ടിയിട്ടും ചീഫ് സ്റ്റാർട്ടർ മത്സരം ആരംഭിച്ചുവെന്ന് പരാതിപ്പെടുന്ന കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടൻ 4.30.13 മിനിട്ടിലും, നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടൻ 4.30.56 മിനിട്ടിലുമാണ് ഫൈനലിൽ ഫിനിഷ് ചെയ്തത്.

പരാതിക്കാരുടെ വാദങ്ങൾ

 ട്രാക്ക് അളന്നത് മുതൽ ടൈമിംഗ് അടക്കമുള്ള സംവിധാനങ്ങളിൽ അട്ടിമറി നടന്നു

 സമയത്തിൽ അട്ടിമറി നടത്തിയാണ് കാരിച്ചാലിനെ വിജയിയായി പ്രഖ്യാപിച്ചത്

 നിയമാവലി പ്രകാരം ആദ്യം പോൾ കടക്കുന്നവരാണ് വിജയി

 സ്റ്റാർട്ടിംഗ് പോയിന്റിൽ കുമരകം ബോട്ട് ക്ലബ്ബ് തുഴ പൊക്കിപ്പിടിച്ചിരുന്നത് അവഗണിച്ച് മത്സരം ആരംഭിച്ചു

ജൂറി ഒഫ് അപ്പീൽ കമ്മിറ്റി കാരിച്ചാലിനെ വിജയിയായി പ്രഖ്യാപിച്ച പേപ്പറുമായി ഹൈക്കോടതിയെ സമീപിക്കും. വീഡിയോ ദൃശ്യങ്ങളടക്കം തെളിവായി ഹാജരാക്കും. അട്ടിമറിക്ക് കൂട്ടുനിന്ന ജൂറിക്കെതിരെയാണ് പരാതി നൽകുക

- ജിതിൻ ഷാജി, കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബ്