ആലപ്പുഴ : ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ തെളിവ് ശേഖരിക്കാൻ പ്രതികളെ കസ്റ്റഡിയിൽ കിട്ടാൻ ആലപ്പുഴ നോർത്ത് പൊലീസ് ഫസ്റ്റ് ക്ളാസ് കോടതിയിൽ ഇന്ന് അപേക്ഷ നൽകും. തോണ്ടൻകുളങ്ങര വാർഡ് കിളയാംപറമ്പ് വീട്ടിൽ മുഹമ്മദ് കുഞ്ഞിന്റെ മകൻ കബീറിനെ (52) കൊലപ്പെടുത്തിയ കേസിൽ അവലൂക്കുന്ന് കിഴക്കേടത്ത് വീട്ടിൽ കുഞ്ഞുമോൻ (57), ആര്യാട് സൗത്ത് പത്താം വാർഡിൽ മുരിക്കുലം വീട്ടിൽ നവാസ് (52) എന്നിവരാണ് റിമാൻഡിലുള്ളത്.

ഇന്നലെ സി.ഐ എസ്.സജികുമാറിന്റെ നേതൃത്വത്തിൽ പ്രതികളുടെ വീടുകളിൽ പരിശോധന നടത്തി. കൊലനടത്തിയ സമയത്ത് ഇരുവരും ധരിച്ചിരുന്ന വസ്ത്രങ്ങളും ഷൂവും ചെരുപ്പും കണ്ടെടുത്തു. സംഭവ സമയം നവാസ് ചെരുപ്പും കുഞ്ഞുമോൻ ഷൂവുമാണ് ധരിച്ചിരുന്നത്. 5ന് വൈകുന്നേരമാണ് വീട്ടിലെ അക്വേറിയത്തിൽ തലയടിച്ചു വീണ് മരിച്ച നിലയിൽ കബീറിനെ കണ്ടെത്തിയത്. അന്ന് പ്രതികളും കബീറും ഒരുമിച്ച് മദ്യപിച്ചിരുന്നതായി നാട്ടുകാരിൽ ചിലർ പൊലീസിനോട് പറഞ്ഞിരുന്നു. കബീറിന്റെ ബൈക്ക് വിൽക്കാൻ അഡ്വാൻസായി വാങ്ങിയ 2000 രൂപയെ ചൊല്ലി ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കുഞ്ഞുമോൻ അപ്ഹോൾസറി കടയും നവാസ് കാറ്ററിംഗ് യൂണിറ്റും നടത്തിവരികയായിരുന്നു.