 
ചേർത്തല: ശബരിമലയിൽ സ്‌പോട്ട് ബുക്കിംഗ് നിറുത്താനുള്ള തീരുമാനം ഉപേക്ഷിച്ച് ഭക്തർക്ക് സുഗമദർശനത്തിനുള്ള സൗകര്യമൊരുക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടു. സ്‌പോട്ട് ബുക്കിംഗ് നിറുത്തുന്നതിലൂടെ, അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം വരുന്ന ലക്ഷക്കണക്കിന് ഭക്തർക്ക് ദർശനം നഷ്ടമാകും. 25 ശതമാനം പേർക്കെങ്കിലും സ്‌പോട്ട് ബുക്കിംഗിന് സൗകര്യം ഏർപ്പെടുത്തണം. ശബരിമലയെ വിവാദങ്ങളിൽപ്പെടുത്തി തീർത്ഥാടകരെ ബുദ്ധിമുട്ടിക്കുന്ന ദേവസ്വം ബോർഡ് നയം ആശങ്കാജനകമാണെന്നും കൗൺസിൽ വിലയിരുത്തി. സ്‌പോട്ട് ബുക്കിംഗ് നിറുത്താനുള്ള തീരുമാനത്തെ ബി.ഡി.ജെ.എസ് സംസ്ഥാന എക്സിക്യുട്ടീവ് യോഗവും അപലപിച്ചു. സർക്കാർ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബി.ഡി.ജെ.എസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തും.
കൗൺസിൽ, എക്സിക്യുട്ടീവ് യോഗങ്ങൾ സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.പത്മകുമാർ അദ്ധ്യക്ഷനായി. സോമശേഖരൻ നായർ, പൈലി വാത്യാട്ട്, അഡ്വ. സിനിൽ മുണ്ടപ്പള്ളി, അഡ്വ.പി.എസ്. ജ്യോതിസ്, അനിരുദ്ധ് കാർത്തികേയൻ, പച്ചയിൽ സന്ദീപ്, രാജേഷ് നെടുമങ്ങാട്, ഡി. പ്രേംരാജ്, എ.ബി. ജയപ്രകാശ്, ഇ.എസ്. ഷീബ, അനീഷ് പുല്ലുവേലിൽ എന്നിവർ സംസാരിച്ചു.
ജില്ലാ പ്രസിഡന്റുമാരായ ഗിരി പാമ്പനാൽ, അജി ഇരിട്ടി, അതുല്യഘോഷ്, എം.പി.സെൻ, ശ്രീകുമാർ തട്ടാരത്ത്, അഡ്വ. പ്രതീഷ് പ്രഭ, ഡോ.ആനന്ദരാജ്, പരുത്തിപ്പള്ളി സുരേന്ദ്രൻ, അഡ്വ. രഘു, ഗണേഷ് പാറക്കട്ടേൽ എന്നിവർ ജില്ലാതല റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. അനുരാഗ് സ്വാഗതവും അഡ്വ.സംഗീത വിശ്വനാഥൻ നന്ദിയും പറഞ്ഞു.