photo

ആലപ്പുഴ : റെസ്റ്റോറന്റിൽ നിന്ന് മലിനജലം ഒഴുക്കുന്നത് ആലപ്പുഴ ബീച്ചിലെത്തുന്ന സഞ്ചാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. കടൽക്കാഴ്ചകൾ കാണാനെത്തുന്നവർ മൂക്ക് പൊത്തി നടന്നുനീങ്ങേണ്ട ഗതികേടിലാണ്. സമാന്തര ബൈപ്പാസിനായി നിർമ്മിച്ച തൂണിന്റെ ചുവട്ടിലേക്കാണ് റെസ്റ്റോറന്റിൽ നിന്നുള്ള മലിനജലം ഒഴുക്കിയത്. സഞ്ചാരികളുടെയും നാട്ടുകാരുടെയും പ്രതിഷേധത്തെ തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം കഴിഞ്ഞ ദിവസം റെസ്റ്റോറന്റ് ഉടമകൾക്ക് നോട്ടീസ് നൽകി.

റെസ്റ്റോറന്റിൽ നിന്ന് മലിനജലം ഒഴുക്കുന്നതിനെതിരെ പൊലീസും ഇടപെട്ടിരുന്നു. മലിനജലം കെട്ടിക്കിടന്നതോടെ ദുർഗന്ധം സഹിക്കാതാകുകയും കൊതുകുശല്യം രൂക്ഷമാവുകയും ചെയ്തതോടെ പ്രദേശവാസികളും ചെറുകിട കച്ചവടക്കാരും കൂട്ടത്തോടെ പ്രതിഷേധം നഗരസഭയെ അറിയിച്ചു. തുടർന്നാണ് നടപടിയുണ്ടായത്.

നോട്ടീസ് നൽകി നഗരസഭ

 നൂറുകണക്കിന് സഞ്ചാരികളാണ് പ്രതിദിനം ആലപ്പുഴ ബീച്ചിൽ എത്തുന്നത്

 രാവിലെയും വൈകിട്ടും വ്യായാമത്തിനായി എത്തുന്നവരും നിരവധി

 ഗാന്ധിജയന്തിദിനത്തിൽ ബീച്ചിൽ ബഹുജന ശുചീകരണ യജ്ഞം നടത്തിയിരുന്നു

 ഇതിന് പിന്നാലെയാണ് റെസ്റ്റോറന്റിൽ നിന്ന് മലിനജലം ഒഴുക്കിയത്

ബീച്ചിൽ എത്തുന്ന സഞ്ചാരികൾക്കും കാൽനടയാത്രക്കാർക്കും ആരോഗ്യഭീഷണി ഉയർത്തുന്ന മലിന ജലം കെട്ടിക്കിടക്കുന്നത് തടയാൻ നടപടി സ്വീകരിക്കാൻ നഗരസഭയും പൊലീസും തയ്യാറാകണം.

- ശശിധരൻ, പ്രദേശവാസി