thanupp-kanan

മാന്നാർ: വിനോദത്തിന്റെ ഭാഗമായി വാർഡ് മെമ്പർ സിനിമാക്കാഴ്ചയൊരുക്കിയതിന്റെ സന്തോഷത്തിലാണ് മാന്നാർ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് തൊഴിലുറപ്പ് തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും. മാന്നാർ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ അജിത് പഴവൂരാണ് സിനിമാക്കാഴ്ചയൊരുക്കിയത്. സുഹൃത്തും പരുമല സ്വദേശിയുമായ അനു അനന്തനും ഭാര്യ ഡോ.ലക്ഷ്മിയും ചേർന്ന് നിർമ്മിച്ച 'തണുപ്പ്' സിനിമ കാണിക്കുവാനാണ് അജിത് പഴവൂർ തന്റെ വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളെ തിയറ്ററിൽ എത്തിച്ചത്. കടപ്ര ആശിർവാദ് സിനിപ്ലെക്സിൽ തിങ്കളാഴ്ച വൈകിട്ടായിരുന്നു മെമ്പറും തൊഴിലുറപ്പ് തൊഴിലാളികളും എത്തിയത്. ഏറ്റവും നല്ല ഫീച്ചർഫിലിം, സംവിധായകൻ, കാമറാമാൻ തുടങ്ങി പതിനഞ്ചോളം അവാർഡുകൾ ഇതിനകം നേടിക്കഴിഞ്ഞ 'തണുപ്പ്' ജീവിതയാത്രയിൽ കണ്ടുമുട്ടിയ പലരുടെയും അനുഭവങ്ങളുടെ നേർക്കാഴ്ചയാണെന്നും ഒരുപാട് സാമൂഹ്യവിഷയങ്ങൾ ചർച്ച ചെയ്യുന്ന ചിത്രം എല്ലാവരും കണ്ടിരിക്കണമെന്ന ആഗ്രഹത്തിലാണ് തൊഴിലുറപ്പ് തൊഴിലാളികളെയും കുടുംബത്തെയും കൂട്ടിയതെന്നും അജിത് പഴവൂർ പറഞ്ഞു. തണുപ്പിന്റെ നിർമ്മാതാവ് അനു അനന്തൻ, തിരക്കഥാകൃത്തും സംവിധായകനുമായ രാകേഷ് നാരായണൻ, സിനിമയുടെ കോഡിനേറ്റർ ശിവദാസ് യു.പണിക്കർ എന്നിവർ ചേർന്ന് തൊഴിലാളികളെയും കുടുംബത്തെയും സ്വീകരിച്ചു. കേരളത്തിലെ നാല്പതോളം തിയറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശിപ്പിച്ച് വരികയാണ് തണുപ്പ്. സിനിമ വിജയമായതിൽ ഏറെ സന്തോഷമുണ്ടെന്ന് നിർമ്മാതാവ് അനു അനന്തൻ പറഞ്ഞു.