photo

ചേർത്തല : തിങ്കളാഴ്ച നടന്ന സി.പി.എം കടക്കരപ്പള്ളി ലോക്കൽ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനത്തിൽ തർക്കവും ബഹളവും. രണ്ടു ബ്രാഞ്ച് സെക്രട്ടറിമാരടക്കം മൂന്നു പ്രതിനിധികൾ സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പാകാൻ ശ്രമിച്ചെങ്കിലും ഏരിയാകമ്മിറ്റിയംഗങ്ങളുൾപ്പെടെവർ ഇടപെട്ട് അനുനയിപ്പിച്ചു.

15 അംഗ ലോക്കൽ കമ്മിറ്റിയിൽ നിലവിലുണ്ടായിരുന്ന പത്മിനി, ഗ്രാമപഞ്ചായത്തംഗം സ്റ്റാലിൻ എന്നിവർ പ്രവർത്തനത്തിലില്ലാത്ത സാഹചര്യത്തിൽ ഒഴിവാക്കി. പകരമായി അമ്പിളി മുരളി,കുഞ്ഞിക്കണ്ണൻ എന്നിവരെ ഉൾപ്പെടുത്തിയാണ് പാനൽ അവതരിപ്പിച്ചത്.ഇതിനിടെ ടൗൺ ബ്രാഞ്ച് സെക്രട്ടറി ഫ്രാൻസിസിനെ കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തുവന്നു.ഇതാണ് ആദ്യം തർക്കത്തിനിടയാക്കിയത്. നേതാക്കൾ ഇടപെട്ട് ഇവരെ അനുനയിപ്പിച്ചു. തുടർന്ന് ഏരിയാ സമ്മേളന പ്രതിനിധികളുടെ പാനൽ അവതരിപ്പിച്ചതോടെ തർക്കം വീണ്ടും ഉയർന്നു.പാനലിൽ ഉൾപ്പെട്ട രണ്ടു ബ്രാഞ്ചു സെക്രട്ടറിമാരും തങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു. ഇവർക്കുപിന്തുണയുമായി ഏതാനും പ്രതിനിധികളും രംഗത്തുവന്നു.ഇത് ഒച്ചപ്പാടിനിടയാക്കി.ബഹിഷ്‌കരണ ഭീഷണിമുഴക്കി പുറത്തേക്കുപോയ ഇവരെ ഏറെ പണിപ്പെട്ടാണ് അനുനയിപ്പിച്ചതെന്നാണ് വിവരം. ഒടുവിൽ ആദ്യം അവതരിപ്പിച്ച പാനലിൽ നിന്ന് ഇരുവരെയും ഒഴിവാക്കിയാണ് പാനൽ അവതരിപ്പിച്ചത്. ലോക്കൽ സെക്രട്ടറിയായി കെ.എസ്.സുധീഷിനെ വീണ്ടും തിരഞ്ഞെടുത്തു.ജില്ലാ സെക്രട്ടേറിയേറ്റംഗം കെ.പ്രസാദ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി പി.കെ.സാബു,ജില്ലാ കമ്മിറ്റിയംഗം എൻ.പി.ഷിബു തുടങ്ങിയവർ പങ്കെടുത്തു. സമ്മേളനത്തിൽ തർക്കമോ ബഹളമോ ഉണ്ടായിട്ടില്ലെന്നും സ്വാഭാവികമായ ചർച്ചകളും നടപടികളും മാത്രമാണുണ്ടായതെന്നും നേതാക്കൾ പറഞ്ഞു.

ചൊവ്വാഴ്ച വൈകിട്ടു നടന്ന പൊതുസമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ പി.ഐ.ഹാരിസ് അദ്ധ്യക്ഷനായി. കെ.എസ്.സുധീഷ്, ആർ.പൊന്നപ്പൻ,പി.ഡി.രമേശൻ എന്നിവർ പങ്കെടുത്തു.