വള്ളികുന്നം : വള്ളികുന്നത്ത് അക്രമികളുടെ അഴിഞ്ഞാട്ടം ആവർത്തിക്കുന്നതോടെ ജനങ്ങൾ ഭീതിയിൽ. ഇന്നലെ പുലർച്ചെ കേരളകൗമുദി ഏജന്റിനു നേരെയുണ്ടായ അക്രമം തുടർച്ചയായ രണ്ടാമത്തെ സംഭവമാണ്.

ഒരാഴ്ച മുമ്പ് രാത്രി പതിനൊന്നുമണിയോടെ കിണറുമുക്കിന് തെക്ക് വശത്ത് മദ്യലഹരിയിലായിരുന്ന യുവാക്കൾ വഴിയാത്രക്കാരെ തടഞ്ഞുനിർത്തി ബൈക്ക് ചവിട്ടി മറിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. പൊലീസെത്തി അക്രമികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അനധികൃതമദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും വിപണനമാണ് വള്ളികുന്നത്തെ സമാധാന അന്തരീക്ഷത്തിന് ഭീഷണിയാകുന്നത്. വിജനമായ പാടശേഖരങ്ങളും പുഞ്ചകളും ഒറ്റപ്പെട്ട സ്ഥലങ്ങളുമേറെയുള്ള ഇവിടങ്ങളിൽ പലയിടത്തും പുറമേനിന്നുള്ള സംഘങ്ങൾ ധാരാളമായി എത്തുന്നുണ്ട്. കഞ്ചാവിന്റെയും സിന്തറ്റിക് ലഹരി വസ്തുക്കളുടെയും ഇടപാടും വർദ്ധിച്ചു. വിദ്യാലയ പരിസങ്ങളിലുൾപ്പെടെ ലഹരി വിൽപ്പന വ്യാപകമായ വള്ളികുന്നത്ത് അടുത്തസമയത്താണ് ഇലിപ്പക്കുളത്ത് ആൾപ്പാർപ്പില്ലാത്ത വീട്ടുവളപ്പിൽ ഒളിപ്പിച്ച നിലയിൽ വൻ കഞ്ചാവ് ശേഖരം പിടികൂടിയത്. സന്ധ്യമയങ്ങിയാൽ നമ്പർ പ്ളേറ്റില്ലാത്തതും മറച്ചതുമായ ആഡംബര ബൈക്കുകളിലും സ്കൂട്ടറുകളിലും ചീറിപ്പായുന്ന യുവാക്കളും നാട്ടുകാർക്കും വഴിയാത്രക്കാർക്കും ഭീഷണിയാണ്. നൂറനാട് എക്സൈസ് പരിധിയിൽ വരുന്ന ഇവിടങ്ങളിൽ എക്സൈസ് പരിശോധന പേരിന് പോലുമില്ല. ഒരാഴ്ച മുമ്പാണ് കാഞ്ഞിരത്തുംമൂട്ടിൽ എ.ടി.എം കവർച്ചാശ്രമമുണ്ടായത്. രാത്രികാലങ്ങളിൽ വള്ളികുന്നത്ത് പൊലീസ് പട്രോളിംഗ് കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമാണ്.