ആലപ്പുഴ : ശ്രീനാരായണ ഗുരുദേവന്റെ ജീവചരിത്രം പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് സി.ബി.എസ്.ഇയോടും സംസ്ഥാന സർക്കാരിനോടും എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് യോഗം ആവശ്യപ്പെട്ടു. യൂണിയൻ പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവരെ പങ്കെടുപ്പിച്ച് ത്രിദിന നേതൃക്യാമ്പ് നവംബർ 29 മുതൽ ഡിസംബർ ഒന്നു വരെ മൈസൂരുവിൽ നടത്താനും തീരുമാനിച്ചു.

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കോട്ടയം യൂണിയന് ഒരു കോടി രൂപ യോഗത്തിൽ നിന്ന് നൽകുന്നതിന് അംഗീകാരം നൽകി. യോഗത്തിന്റെ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകാൻ സഹകരിച്ച മുഴുവൻ പേരോടും നന്ദി അറിയിച്ചു. ദുരിതാശ്വാസ ഫണ്ടിലേക്ക് 77 ലക്ഷം രൂപ കൈമാറി. 79,46,512 രൂപയുടെ ഡി.ഡി അടുത്ത ദിവസം കൈമാറും.

വണ്ടാനത്തെ ഹോട്ടൽ വരദയിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ഡോ.എം.എൻ.സോമൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സംസാരിച്ചു. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് നന്ദി പറഞ്ഞു. കൗൺസിലർമാരായ പി.ടി.മന്മഥൻ, പി.എസ്.എൻ.ബാബു, സന്ദീപ് പച്ചയിൽ, ഇ.എസ്.ഷീബ, പി.കെ.പ്രസന്നൻ, പി.സുന്ദരൻ, വിപിൻരാജ്, ബേബിറാം എന്നിവർ പങ്കെടുത്തു.