അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടർമാരുടെ ഒഴിവുകൾ നികത്താത്തത് കാരണം രോഗികൾ ദുരിതത്തിൽ. പല വിഭാഗങ്ങളിലെയും ഡോക്ടർമാർ സ്ഥലംമാറിപ്പോയിട്ടും വിരമിച്ചിട്ടും പകരം ആളെ നിയമിക്കാത്തതാണ് രോഗികളെ വലയ്ക്കുന്നത്. മൂന്നു വർഷമായുള്ള ഒഴിവുകൾ പോലും നികത്താൻ അധികൃതർ തയ്യാറായിട്ടില്ല. രാവിലെ 7 മണി മുതൽ ആശുപത്രിയിലെത്തി ഒ.പി ചീട്ടിനായി മണിക്കൂറുകൾ ക്യൂനിന്ന് പരിശോധനക്കെത്തുമ്പോൾ ഡോക്ടർ ഇല്ലെന്ന മറുപടിയാണ് കേൾക്കേണ്ടിവരുന്നത്. ദീർഘദൂരം യാത്രചെയ്ത് എത്തി
ഡോക്ടറെ കാണാനാകാതെ രോഗികൾ മടങ്ങുന്നത് നിത്യസംഭവമാണ്. ആധുനിക മെഡിക്കൽ കോളേജും സൂപ്പർ സ്പെഷ്യാലിറ്റിയുമൊക്കെ ഉണ്ടായിട്ടും ആവശ്യത്തിന് ഡോക്ടർമാരില്ലാത്തത്ആശുപത്രി അധികൃതരുടെയും ആരോഗ്യവകുപ്പിന്റെയും കഴിവുകേടെന്നാണ് രോഗികളുടെ
ആക്ഷേപം.
ഒഴിവുകൾ 32
ജനറൽ മെഡിസിൻ വിഭാഗത്തിലും ജനറൽ ശസ്ത്രക്രിയ വിഭാഗത്തിലുമായി 7 ഡോക്ടർമാരുടെ വീതം കുറവുണ്ട്. പൾമണറി മെഡിസിൻ വിഭാഗത്തിൽ ഒന്ന്, ശിശുവിഭാഗത്തിൽ 4, ഒ ആൻഡ് ജി 3, ഡി ആൻഡ് വി 1,പി.എം.ആർ 1,സൈക്കാട്രി 3, ഗൈനക്കോളജി 5 എന്നിങ്ങനെ 32ഡോക്ടർമാരുടെ ഒഴിവാണ് ആലപ്പുഴ മെഡിക്കൽ കോളേജിലുള്ളത്.