ഇന്ന് വൈകിട്ട് 5ന് മാർക്കറ്റ് ഒഴിയണമെന്ന് പൊലീസ് നിർദ്ദേശം
ആലപ്പുഴ: പുത്തൻകാട് പള്ളിയുടെ ഉടമസ്ഥതയിലുള്ള പുലൻവഴി മത്സ്യമാർക്കറ്റിൽ നിന്ന് വ്യാപാരികളെ ഒഴിപ്പിക്കുന്ന വിഷയത്തിൽ ഇന്ന് ആലപ്പുഴ മുൻസിഫ് കോടതിയിൽ അദാലത്ത് നടക്കും. 142 വർഷം പഴക്കമുള്ള മത്സ്യമാർക്കറ്റ് പുനരുദ്ധാരണത്തിനായി പൂട്ടാനാണ് ഉടമസ്ഥരുടെ തീരുമാനം. കരാർ അവസാനിച്ച ഘട്ടത്തിൽ ഇന്ന് വൈകിട്ട് അഞ്ചിന് മാർക്കറ്റ് പൂട്ടി താക്കോൽ കൈമാറണമെന്നാണ് ആലപ്പുഴ സൗത്ത് പൊലീസ് നിർദ്ദേശിച്ചിരിക്കുന്നത്.
മാർക്കറ്റ് ഒഴിയുന്നത് സംബന്ധിച്ച് ഒന്നരവർഷമായി മത്സ്യവ്യാപാരികളും പള്ളികമ്മിറ്റിയുമായി തർക്കം നിലനിൽക്കുകയാണ്. രണ്ട് മാസം മുമ്പാണ് വ്യാപാരികൾ കോടതിയിൽ കേസ് ഫയൽ ചെയ്തത്. കോടതി നിർദ്ദേശപ്രകാരം നിയോഗിച്ച കമ്മീഷൻ അടുത്ത കേസ് തീയതിയായ നവംബർ 19നാണ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുക. കേസ് വീണ്ടും പരിഗണിക്കുന്ന തിയതി വരെ മാർക്കറ്റിൽ തുടരാൻ അനുമതി നൽകണമെന്നാണ് വ്യാപാരികളുടെ നിലപാട്. കേസ് തങ്ങൾക്ക് പ്രതികൂലമായാൽ തൊട്ടടുത്ത നിമിഷം ഇറങ്ങിക്കൊടുക്കാൻ തയാറാണെന്നും വ്യാപാരികൾ വ്യക്തമാക്കി. 45 സ്ത്രീകളുൾപ്പടെ 60ലധികം വ്യാപാരികളാണ് പൂലയൻവഴി മത്സ്യമാർക്കറ്റിനെ ആശ്രയിച്ച് കുടുംബം പോറ്റുന്നത്. നിലിവിൽ മത്സ്യമാർക്കറ്റ് പ്രവർത്തിപ്പിക്കുന്നതിനുള്ള കരാർ കാലാവധി തിങ്കളാഴ്ച്ച അവസാനിച്ചു.
കോടതി പറയാതെ ഇറങ്ങില്ല
ഞങ്ങൾ പുരുഷന്മാർ മാത്രമല്ല, ക്യാൻസർ രോഗികളുൾപ്പടെയുള്ള സ്ത്രീ മത്സ്യവ്യാപാരികളുണ്ട്. പകരം സംവിധാനം ആവശ്യപ്പെട്ടിട്ട് നിലവിൽ സ്ഥലമില്ലെന്ന മറുപടിയാണ് നഗരസഭയിൽ നിന്ന് ലഭിച്ചത്. അടുത്ത മാസം 19നാണ് കേസ് കോടതിയിൽ വീണ്ടും പരിഗണിക്കുന്നത്. ആ സമയം വരെ മാർക്കറ്റിൽ തുടരാൻ അനുമതി നൽകണം. പള്ളിയുമായി കരാറെടുക്കുന്ന വ്യക്തിക്ക് പ്രതിദിനം 40 രൂപ നിരക്കിൽ മാസം 1200 രൂപ വാടക നൽകിയാണ് വ്യാപാരികൾ കടമുറികളും തട്ടുകളും വാടകയ്ക്കെടുത്തിരിക്കുന്നത്.
- പുലയൻവഴി മത്സ്യമാർക്കറ്റിലെ വ്യാപാരികൾ
ഞങ്ങൾ വികസനത്തിന് എതിരല്ല. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൽ സാവകാശം അനുവദിക്കണം
-ആർ.ഷാജി, ഷാഹുൽ ഹമീദ്, മത്സ്യവ്യാപാരികൾ
പുനരുദ്ധാരണം നടത്തി കടമുറികൾ വാടകയ്ക്ക് തന്നെ നൽകാനാണ് ഉദ്ദേശിക്കുന്നത്
-ഫാദർ ഗ്ലെൻ ഫേബർ, പുത്തൻകാട് പള്ളിവികാരി