
മാന്നാർ: പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുവാൻ കഴിയാത്ത ഭരണസമിതി രാജിവെക്കണമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുജ ജോൺ പറഞ്ഞു. മാന്നാർ ഗ്രാമപഞ്ചായത്ത് പത്താം വാർഡിനോട് പഞ്ചായത്ത് ഭരണനേതൃത്വം കാണിക്കുന്ന അവഗണനയ്ക്കെതിരെ വാർഡ് മെമ്പർ രാധാമണി ശശീന്ദ്രൻ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ സമരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ. യു.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി വി.കെ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് സുജിത്ത് ശ്രീരംഗം, ഗ്രാമപഞ്ചായത്തംഗം അജിത്ത് പഴവൂർ, വത്സല ബാലകൃഷ്ണൻ, കെ.സി പുഷ്പലത, സജി മെഹബൂബ്, നിസാർ കുരട്ടിക്കാട്, അനിൽ മാന്തറ, ജ്യോതി വേലൂർമഠം, അസീസ് പടിപ്പുരക്കൽ, അജിത്ത് കുമാർ, ശ്യാമുവൽ മാമൻ, രവീന്ദ്രൻ നായർ, ഉഷ പി.നായർ, രാധാകൃഷ്ണൻ.കെ, തുടങ്ങിയവർ സംസാരിച്ചു.
വികസനത്തെ തുരങ്കം വെക്കുന്നു: ടി.വി രത്നകുമാരി
സ്വന്തം വാർഡിൽ എം.സി.എഫ് നിർമ്മാണം, തെരുവ് നായ്ക്കൾക്കായി ഷെൽട്ടർ നിർമ്മാണം എന്നിവയ്ക്കെതിരെ ശക്തമായി എതിർത്തുകൊണ്ട് വികസനത്തിന് തുരങ്കം വെക്കുന്നവരാണ് പദ്ധതികൾ നടപ്പാക്കാത്തതിനെതിരെ സമര നാടകവുമായി രംഗത്ത് വന്നിരിക്കുന്നതെന്ന് മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി പറഞ്ഞു. ഏറെ വർഷങ്ങൾക്കു ശേഷം പഞ്ചായത്തിന്റെ ആസ്തി വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഭൂമി വാങ്ങുകയും ആ സ്ഥലത്ത് അങ്കണവാടിക്ക് സ്വന്തമായി കെട്ടിടം നിർമിക്കുകയും ചെയ്തിട്ടുള്ളത് പ്രതിപക്ഷ അംഗത്തിന്റെ വാർഡിലാണെന്നും രത്നകുമാരി പറഞ്ഞു.