
ചാരുംമൂട് : രാത്രിയിൽ പാടത്ത് മീൻപിടിക്കാൻ പോയ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പാടത്തെ കൃഷിയെ കാട്ടുപന്നിയിൽ നിന്ന് സംരക്ഷിക്കാൻ കമ്പിവേലിയിൽ വൈദ്യുതി പ്രസരിപ്പിച്ച പാലമേൽ ഉളവുക്കാട് ഗോപഭവനത്തിൽ ഗോപകുമാർ (45) ആണ് അറസ്റ്റിലായത്. രാഹുൽരാജ് (32) ആണ് കമ്പിവേലിയിൽ നിന്നുള്ള ഷോക്കേറ്റ് മരിച്ചത്.
കഴിഞ്ഞ 23ന് രാത്രി പാലമേൽ പഞ്ചായത്തിലെ ഉളവക്കാട് പാടത്ത്
കൂട്ടുകാരോടൊപ്പം മീൻ പിടിക്കാൻ പോകുന്ന വഴിയിലാണ് ഷോക്കേറ്റത്. സുഹൃത്തുക്കൾ രാഹുൽരാജിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ വീട്ടിലെ വൈദ്യുതി കണക്ഷനിൽ നിന്ന് അനധികൃതമായി വയർ വലിച്ച് കൃഷിയിടത്തിലെ കമ്പിവേലിയിൽ ഗോപകുമാർ വൈദ്യുതി പ്രസരിപ്പിച്ചതെന്ന് കണ്ടെത്തി.
ജില്ലാ പോലീസ് മേധാവി എം.പി.മോഹനചന്ദ്രന്റെ നിർദ്ദേശപ്രകാരം ചെങ്ങന്നൂർ ഡിവൈ.എസ്.പി എം.കെ ബിനുകുമാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒളിവിലായിരുന്ന പ്രതി പിടിയിലായത്. മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസ്. മാവേലിക്കര കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
നൂറനാട് പൊലീസ് ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ സുഭാഷ് ബാബു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സിജു.എച്ച്, രജീഷ്.ആർ, അനീഷ് കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.