മാന്നാർ: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചെങ്ങന്നൂർ ഉപജില്ലാ സ്കൂൾ ഒളിമ്പിക്സ് ഇന്നും 14, 16 തീയതികളിലുമായി മാന്നാർ നായർ സമാജം സ്കൂൾ മൈതാനിയിൽ നടക്കും. ഇന്ന് രാവിലെ 9ന് മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരിയുടെ അദ്ധ്യക്ഷതയിൽ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം സലിം ഉദ്ഘാടനം നിർവഹിക്കും. ചെങ്ങന്നൂർ എ.ഇ.ഒ കെ.സുരേന്ദ്രൻ പിള്ള സ്വാഗതവും സ്വീകരണ കമ്മിറ്റി കൺവീനർ നജ്മ എ.കെ നന്ദിയും പറയും. ഉപജില്ലയിലെ എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി രണ്ടായിരത്തിലധികം കുട്ടികൾ വിവിധ ഇനങ്ങളിൽ പങ്കെടുക്കും. 16ന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സല മോഹൻ ഉദ്ഘാടനം ചെയ്യും. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി.കെ.പ്രസാദ് അദ്ധ്യക്ഷത വഹിക്കും.