
മുഹമ്മ: കാട് റോഡിലേക്ക് വളർന്ന് ഇറങ്ങി മുഹമ്മ നിവാസികൾക്ക് യാത്ര ദുഷ്കരമാകുന്നു. പഞ്ചായത്തിലെ രണ്ടാം വാർഡിലെ കാക്കപ്പറമ്പ് - ചേനപ്പറമ്പ് റോഡിലാണ് ഇരുവശവും പാഴ് ചെടികളും മുളയും ചെറിയ മരങ്ങളും ചാഞ്ഞു നിൽക്കുന്നത്. റോഡിൽ തെരുവ് വിളക്ക് സ്ഥാപിച്ചിട്ടില്ലാത്തതിനാൽ സന്ധ്യ മയങ്ങിയാൽ ഭീതിയോടെയാണ് റോഡിലൂടെ പ്രദേശവാസികൾ യാത്ര ചെയ്യുന്നത്.
ഇഴജന്തുക്കളുടെ വാസസ്ഥമാണ് ഈ കുറ്റിക്കാട്. സന്ധ്യയായാൽ റോഡിലേക്ക് പാമ്പ് ഇഴഞ്ഞ് വരുന്നത് ഭീഷണിയാണ്. നാട്ടുകാർ പഞ്ചായത്ത് അംഗത്തോട് പരാതി പറഞ്ഞിട്ടും പഞ്ചായത്തിൽ പരാതി നൽകിയിട്ടും അധികൃതർ യാതൊരു ഇടപെടലുകൾ നടത്തിയില്ലെന്നാണ് നാട്ടുകാരുടെ ആരോപണം . സ്കൂൾ വിദ്യാർത്ഥികളും പ്രായമേറിയവരുമാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. പ്രദേശവാസികൾക്ക് പുറം ലോകവുമായി ബന്ധപ്പെടുന്നതിനുള്ള ഏക ആശ്രയമാണ് ഈ റോഡ്.