ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ നാലാം 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തീകരിച്ച വലിയഴീക്കൽ ഫിഷ് ലാന്റിംഗ് സെന്ററിലെ അധികസൗകര്യങ്ങളുടെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ ഇന്ന് നിർവഹിക്കും. വൈകിട്ട് അഞ്ചിന് ഫിഷ് ലാന്റിംഗ് സെന്ററിൽ നടക്കുന്ന ചടങ്ങിൽ രമേശ് ചെന്നിത്തല എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. വാർഫ്, ലേലഹാൾ, കവേർഡ് ലോഡിംഗ് ഏരിയ, കടകൾ, ലോക്കർ റൂം, നെറ്റ് മെന്റിംഗ് ഷെഡ് എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുക. 16.68 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചവയിൽ 12.04 കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങളാണ് പൂർത്തീകരിച്ചത്. ചടങ്ങിൽ കെ.സി.വേണുഗോപാൽ എം.പി മുഖ്യാതിഥിയാവും. ചീഫ് എൻജിനിയർ എം.എ.മുഹമ്മദ് അൻസാരി റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി , ആറാട്ടുപുഴ പഞ്ചായത്ത് പ്രസിഡന്റ് എൻ.സജീവൻ, ജില്ലാപഞ്ചായത്ത് അംഗം ജോൺ തോമസ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബെന്നി വില്യം, സൂപ്രണ്ടിംഗ് എൻജിനിയർ എം.ടി.രാജീവ് എന്നിവർ പങ്കെടുക്കും.