ആലപ്പുഴ : അനിശ്ചിതമായി നീണ്ടുപോയ അത്തിത്തറ - കാവിത്തോട് റോഡിന്റെ നിർമ്മാണം പുനരാരംഭിച്ചു. കഴിഞ്ഞ മാസം 24ന് റോഡ് പണി പൂർത്തിയാക്കണമെന്ന ലീഗൽ സർവീസ് അതോറിട്ടിയുടെ നിർദ്ദേശം പാലിക്കാൻ നഗരസഭയ്ക്ക് സാധിച്ചിരുന്നില്ല. ഇതോടെ തദ്ദേശ സ്ഥാപനങ്ങളുടെ ഓംബുഡ്മാനടക്കം മുകൾ തലങ്ങളിൽ പരാതി നൽകാൻ ജനങ്ങൾ തീരുമാനിച്ചതോടെയാണ് , കഴിഞ്ഞ ദിവസം റോഡ് നിർമ്മാണ് പുനരാരംഭിച്ചത്. നിലവിൽ കരാറുകാരനിൽ നിന്ന് പവർ ഒഫ് അറ്റോണി പ്രകാരം വർക്കെടുത്തിരുന്ന വ്യക്തിയെ ഒഴിവാക്കി, പ്രധാന കരാറുകാരൻ നേരിട്ടാണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. മഴ തടസമായില്ലെങ്കിൽ രണ്ടാഴ്ച്ചയ്ക്കുള്ളിൽ പണി പൂർത്തീകരിക്കാനാണ് തീരുമാനം. ചന്ദനക്കാവ് ജംഗ്ഷനു സമീപം അത്തിത്തറ ക്ഷേത്രത്തിലേക്കുള്ള റോഡ് മുതൽ ക്ഷേത്രത്തിന് മുന്നിലൂടെ പടിഞ്ഞാറ് ദിക്കിലെ പ്രധാന റോഡിലേക്കെത്തുന്ന രണ്ട് കിലോമീറ്ററോളം ഭാഗമാണ് ടാർ ചെയ്യേണ്ടത്. വീണ്ടും മെറ്റൽ വിരിക്കുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡിൽ മെറ്റലിൽ തട്ടി ആളുകൾ വീഴുന്നതും, വാഹനങ്ങൾ നിയന്ത്രണം തെറ്റി മറിയുന്നതും പതിവാണ്. റോഡിൽ തട്ടിവീണ് സ്‌കൂൾ വിദ്യാർത്ഥിയുടെ തോളെല്ല് പൊട്ടിയ സംഭവം വരെയുണ്ടായി. അത്തിത്തറ ക്ഷേത്രം, സി.എ ഇൻസ്റ്റിട്ട്യൂട്ട്, മുട്ടത്ത് കളരി തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേക്കെത്തുന്ന ജനങ്ങളും റോഡിന്റെ അവസ്ഥ മൂലം ദുരിതം അനുഭവിക്കുകയായിരുന്നു.

.................

 പദ്ധതിക്ക്.....

50 ലക്ഷം

''മഴ തടസം സൃഷ്ടിച്ചില്ലെങ്കിൽ രണ്ടാഴ്ച്ചയ്ക്കുള്ളിൽ റോഡ് ടാറിംഗ് അടക്കം പൂർത്തീകരിക്കും

-കരാറുകാരൻ