# സമയക്രമമില്ല, സൗജന്യമായി ഉപയോഗിക്കാം
ആലപ്പുഴ: ജീവിതശൈലി രോഗങ്ങളെ അകറ്റി നിർത്തി ആരോഗ്യം നേടാൻ നാട്ടുകാർക്ക് ഇനി പണം മുടക്കണ്ട. ആലപ്പുഴ ജനറൽ ആശുപത്രി വളപ്പിലെ അടിസ്ഥാന വ്യായാമ മുറകൾ അഭ്യസിക്കാനുള്ള ഉപകരണങ്ങൾ തേടി പൊതുജനമെത്തിത്തുടങ്ങി. കഴിഞ്ഞ ദിവസമാണ് ജില്ലാ മെഡിക്കൽ ഓഫീസറുടെ കാര്യാലയത്തിന് സമീപം ഓപ്പൺ ജിംനേഷ്യം പ്രവർത്തനമാരംഭിച്ചത്. നാല് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് പദ്ധതി യാഥാർത്ഥ്യമായത്.
ജില്ലാമെഡിക്കൽ ഓഫീസിൽ നിന്നുള്ള പ്ലാൻ ഫണ്ടിൽ നിന്ന് 3.5 ലക്ഷത്തോളം രൂപ മുടക്കിയാണ് നാല് വർഷം മുമ്പ് ഉപകരണങ്ങൾ വാങ്ങിയത്. ടൈൽ പാകി ഗ്രൗണ്ട് സജ്ജമാക്കാൻ ഒരു ലക്ഷത്തോളം രൂപയും ചെലവായി. ജനറൽ ആശുപത്രി വളപ്പിൽ കാലങ്ങൾക്ക് മുമ്പേ ഉപകരണങ്ങൾ എത്തിച്ചെങ്കിലും ഉപയോഗിച്ചു തുടങ്ങിയിരുന്നില്ല. ഒ.പി ബ്ലോക്ക് കെട്ടിടത്തിന്റെ നിർമ്മാണത്തിരക്ക് കൂടി വന്നതോടെ പദ്ധതി അവഗണിക്കപ്പെട്ടു. ആശുപത്രി വളപ്പിലെ നിർമ്മാണങ്ങൾ പൂർത്തിയാവുകയും ജീവിതശൈലി രോഗങ്ങൾ വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഓപ്പൺ ജിംനേഷ്യം യാഥാർത്ഥ്യമായത്.
ഓപ്പൺ ജിമ്മിൽ
#പവർ ടവർ
#പുൾ അപ്-ചിൻ അപ് ബാർ
#ഡിപ്-സ്റ്റേഷൻ
#സീറ്റഡ് ട്വിസ്റ്റർ
#എയർ വാക്കർ
#ആം വീൽ എക്സർസൈസ് മെഷീൻ
#സിറ്റ് അപ് ബോർഡ്/ആബ്സ് ഷെയ്പർ
#സൈക്കിൾ
#ക്രോസ് ട്രെയിനർ
വൈകിട്ട് ജോലി കഴിഞ്ഞിറങ്ങുമ്പോൾ വ്യായാമം ചെയ്തു പോകാൻ അവസരം ലഭിക്കുന്നത് വലിയ സൗകര്യമാണ്. രാവിലെയും വൈകിട്ടും ആളുകൾ എത്തി ത്തുടങ്ങിയിട്ടുണ്ട്
-ജനറൽ ആശുപത്രി ജീവനക്കാർ