ആലപ്പുഴ: ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന ടൂറിസം മന്ത്രിയുടെ ഉറപ്പ് പാഴായതോടെ ഗ്രാന്റും വന്നില്ല, ബോണസും മുടങ്ങി. നെഹ്റുട്രോഫി ജലമേളയുടെ ഉദ്ഘാടന വേളയിലാണ് സി.ബി.എൽ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ഉറപ്പ് നൽകിയത്. ഇതോടെ മന്ത്രിയുടെ ഉറപ്പ് സർക്കാരിനെ ഓർമ്മിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ജലോത്സവ പ്രേമികൾ. മന്ത്രിമാരെ നേരിൽ കണ്ട് വിഷയം ശ്രദ്ധയിൽപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. സി.ബി.എൽ അടക്കമുള്ള അവസരങ്ങൾ സർക്കാർ മനപ്പൂർവ്വം വൈകിപ്പിക്കരുതെന്നാണ് വള്ളംകളി പ്രേമികളുടെ ആവശ്യം. മാത്രമല്ല,​ എൻ.ടി.ബി.ആർ സൊസൈറ്റിയുടെ പൊതുയോഗം വിളിച്ചുചേർത്ത് ഭാരവാഹികളെ തിരഞ്ഞെടുക്കുകയും കൂടുതൽ ആളുകളെ സൊസൈറ്റിയിൽ അംഗമാക്കുകയും വേണമെന്ന ആവശ്യവും വള്ളംകളി സംരക്ഷണ സമിതി മുന്നോട്ട് വച്ചിട്ടുണ്ട്. അതേസമയം,​ കാത്തിരുന്ന് നടത്തിയ നെഹ്റുട്രോഫി ജലമേളയുടെ വിജയി ആരെന്ന തർക്കത്തിന് ഇനിയും പരിഹാരമായിട്ടില്ല.

മന്ത്രിയുടെ ഉറപ്പ് പാഴായി

1. എൻ.ടി.ബി.ആർ സൊസൈറ്റി ആവശ്യപ്പെടുമ്പോൾ തന്നെ ഗ്രാന്റ് തുക നൽകുമെന്ന ടൂറിസം മന്ത്രിയുടെ പ്രഖ്യാപനം അധികൃതർ മറന്ന മട്ടാണ്. ഒരു കോടി രൂപ ഗ്രാന്റായി നൽകുമെന്നായിരുന്നു പ്രഖ്യാപനം

2. ഗ്രാന്റ് ലഭിക്കാത്തതിനാൽ വള്ളങ്ങളുടെ ബോണസ് തുക പൂർണമായി നൽകാനായിട്ടില്ല.ബോണസ് പൂ‌ർണമായി ലഭിച്ച ശേഷവും തുഴച്ചിലുകാർക്ക് കൂലി നൽകാൻ കാത്തിരിക്കുന്ന ക്ലബുകളുണ്ട്

3. ചാമ്പ്യൻസ് ബോട്ട് ലീഗ് വേണ്ടെന്ന് വച്ചാൽ പോലും നെഹ്റുട്രോഫിയിൽ പങ്കെടുത്ത വള്ളങ്ങൾക്കുള്ള ബോണസ് തുകയിൽ എൻ.ടി.ബി.ആർ സൊസൈറ്റി

62 ലക്ഷം രൂപ അധികമായി കണ്ടെത്തേണ്ടി വരും

4. സി.ബി.എൽ നടത്തുമെന്ന പ്രതീക്ഷയിലാണ് സൊസൈറ്റിയും. നെഹ്റുപവലിയന്റെ അറ്റകുറ്റപ്പണികൾക്കായി ഇരുപത് ലക്ഷത്തോളം രൂപ മുടക്കിയിരുന്നു. ഇത് വിനോദ സഞ്ചാരവകുപ്പ് അനുവദിക്കുമെന്ന കാത്തിരിപ്പിലാണ് അധികൃതർ

ബോണസ് (ലക്ഷത്തിൽ)​

ഫൈനലിലെത്തിയവർക്ക് : ₹ 6.60

ലൂസേഴ്സ് ഫൈനലിലെത്തിയവർക്ക്: ₹5.30

പ്രദർശന തുഴച്ചിൽ ചുണ്ടൻവള്ളങ്ങൾക്ക്: ₹ 1.45

വെപ്പ്, ഇരുട്ടുകുത്തി എ ഗ്രേഡ്: ₹ 1.45

ബി ഗ്രേഡ് : ₹1.10

ചുരുളൻ: ₹1

തെക്കനോടി: ₹ 1

സി ഗ്രേഡ് : 80,000 രൂപ

ഗ്രാന്റ്

ചുണ്ടൻ: ₹ 50,000

എ ഗ്രേഡ് : ₹ 33,000

ബി, സി ഗ്രേഡ്: ₹ 20,000

സി.ബി.എൽ തീയതി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വിനോദ സഞ്ചാര വകുപ്പ് മന്ത്രിക്ക് കത്തയച്ചു. നെഹ്റുട്രോഫി മത്സരം കഴിഞ്ഞ് രണ്ടാഴ്ചയാകുമ്പോഴും തീയതി പ്രഖ്യാപിക്കാത്തത് ഖേദകരമാണ്

- കൊടിക്കുന്നിൽ സുരേഷ് എം.പി