മാന്നാർ: എൽ.പി, യു.പി, ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ രണ്ടായിരത്തിൽ പരം മത്സരാർത്ഥികൾ പങ്കെടുക്കുന്ന ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ ഒളിമ്പിക്സിന് മാന്നാർ നായർസമാജം മൈതാനിയിൽ തുടക്കമായി. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം സലീം ഉദ്ഘാടനം നിർവഹിച്ചു. മാന്നാർ ഗ്രാമപഞ്ചായത്ത് അംഗം സലിം പടിപ്പുരക്കൽ അദ്ധ്യക്ഷത വഹിച്ചു. മാന്നാർ ഗ്രാമപഞ്ചായത്തംഗം ഷൈനാ നവാസ്, അദ്ധ്യാപക സംഘടന പ്രതിനിധികളായ അനസ് എം.അഷ്റഫ്, കെ.ബൈജു, ഡി.ജയറാം, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ എസ്.വിജയകുമാർ എന്നിവർ സംസാരിച്ചു. ചെങ്ങന്നൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.സുരേന്ദ്രൻ പിള്ള സ്വാഗതവും സ്വീകരണ കമ്മിറ്റി കൺവീനർ നജ്മ എ.കെ.നന്ദിയും പറഞ്ഞു. കായികമേള 16 ന് സമാപിക്കും.