
കായംകുളം : കായംകുളത്തിന് പടിഞ്ഞാറ് നഗരസഭ 40 ാം വാർഡിൽ കടത്ത് കടവിനെയും ദേവികുളങ്ങര ഗ്രാമപഞ്ചായത്തിലെ മുനമ്പേൽ കടവിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കടത്ത് കടവ് - മുനമ്പേൽകടവ് പാലം നിർമ്മിക്കണമെന്ന ആവശ്യം വീണ്ടും സജീവമാകുന്നു. കയർ, കർഷക തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന തീരദേശ പ്രദേശത്തിന്റെ ചിരകാല അഭിലാഷമാണ് പാലം.
പാലത്തിന്റെ നിർമ്മാണത്തിനായി 2017-2018 വർഷത്തെ ബഡ്ജറ്റിൽ 42 കോടി രൂപ വകയിരുത്തിയിരുന്നു. മണ്ണ് പരിശോധന നടത്തി പാലത്തിന്റെ ഡിസൈൻ തയ്യാറാക്കുകയും ചെയ്തു. ട്രാഫിക് റിപ്പോർട്ട് ലഭിച്ച ശേഷം ഡി.പി.ആർ തയ്യാറാക്കുമെന്നാണ് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരുന്നതെങ്കിലും പാലം യാഥാർത്ഥ്യമാക്കുന്നതിനുള്ള തുടർ നടപടികൾ ഉണ്ടായില്ല.
കായംകുളത്തെ രണ്ടായി വിഭജിക്കുന്ന ദേശീയപാതയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ ദുരിതത്തിലാകുന്ന നാടിന് സമാന്തര പാതയൊരുക്കാൻ സഹായിക്കുന്നതാണ് കടത്ത്കടവ് - മുനമ്പേൽകടവ് പാലം . പുളിമുക്ക് വഴി തെക്കോട്ട് മൂലേശ്ശേരിൽ ക്ഷേത്രം റോഡ് വഴി കടത്ത് കടവിൽ നിന്നും മുനമ്പേൽ കടവിൽ എത്തി വാരണപ്പള്ളി ക്ഷേത്രം, പ്രയാർ വഴി കരുനാഗപ്പള്ളിയിൽ എത്താൻ കഴിയും.
പഞ്ചായത്തിന്റെ കടത്തുവള്ളവും ഇല്ല
നേരത്തെ ഇവിടെ ദേവികുളങ്ങര പഞ്ചായത്തിന്റെ കടത്ത് വള്ളം ഉണ്ടായിരുന്നു
ജനങ്ങൾക്ക് അക്കരെയിക്കരെ കടക്കാൻ ഒരു പരിധിവരെ സഹായകമായിരുന്നു
ഇപ്പോൾ പഞ്ചായത്തിന്റെ വള്ളം ഇല്ല. സ്വകാര്യവള്ളങ്ങൾ മാത്രമാണ് ആശ്രയം
കായംകുളം ജലോത്സവത്തിന്റെ സ്റ്റാർട്ടിംഗ് പോയിന്റ് കൂടിയാണിത്
ജനങ്ങളുടെ ആവശ്യങ്ങൾക്കൊപ്പം നിൽക്കാൻ ഒരു ജനപ്രതിനിധിയുമില്ല. തീരദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം നാടിന്റെ പൊതുവികസനത്തിന് അനിവാര്യമാണ്. കണ്ടല്ലൂർ ,ദേവികുളങ്ങര പ്രദേശത്തുള്ളവർക്ക് കായംകുളം പട്ടണത്തിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയും- വി.എം അമ്പിളിമോൻ, ഡി.സി.സി അംഗം