ph

കായംകുളം: കായംകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് മുന്നിൽ മലിനജലം പരന്നൊഴുകി യാത്രക്കാരുടെ മേൽ തെറിച്ചിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ. മാസങ്ങളായി മാലിന്യത്തിന് മുകളിലൂടെ മൂക്ക് പൊത്തി കയറി ഇറങ്ങുകയാണ് യാത്രക്കാർ.

അപകടാവസ്ഥയിലായ കെ.എസ്.ആർ.ടി.സി കെട്ടിടം പൊളിച്ച് നീക്കുന്നതിനാൽ മലിനജലത്തിന് സമീപം അറപ്പോടെ ബസ് കാത്ത് നിൽക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ. മിൽമയുടെ ഐസ് ക്രീം പാർലറും ഇതിനോട് ചേർന്നാണ് പ്രവൃത്തിക്കുന്നത്. വർഷങ്ങളായി പൊളിഞ്ഞു കിടക്കുന്ന ടൗണിന്റെ ഹൃദയഭാഗത്തുള്ള ഓടയിൽ നിന്നാണ് മലിനജലം ഒഴുകിപ്പരക്കുന്നത്. ടൗണിലെ മിക്ക ഹോട്ടലുകളിലെയും കെ.എസ്.ആർ.ടി.സി കാന്റീനിലേയും സെപ്റ്റിക് ടാങ്കിലെയും മലിനജലമാണ് ഇത്.

കെട്ടിടങ്ങൾ പൊളിക്കുന്നതിനാൽ പരിമിതമായ സൗകര്യങ്ങൾ മാത്രമാണ് ഇവിടെയുള്ളത്. ബസുകൾ പാഞ്ഞു പോകുമ്പോൾ യാത്രക്കാരുടെ ദേഹം നിറയെ മലിന ജലമാകും. ഓട വൃത്തിയാക്കി ജലം ഒഴുകിപരക്കുന്നത് തടയുകയും സെപ്റ്റിക് ടാങ്കിലെയും ഹോട്ടലുകളിലേയും മാലിന്യങ്ങൾ ഓടയിലേക്ക് ഒഴുകുന്നത് തടയുകയുമാണ് വേണ്ടത്. ഇത് സംബന്ധിച്ച് നിരവധി പരാതികൾ അധികൃതർക്ക് നൽകിയിട്ടുണ്ടിലും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്നാണ് യാത്രക്കാരുടെ പരാതി.

................................

# യാത്രക്കാരുടെ ദേഹത്ത് തെറിച്ച് മലിനജലം

നഗരത്തിന്റെ മുഖമായ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് മുന്നിലാണ് മലിനജലം പരന്നൊഴുകുന്നത്. നാട്ടുകാരും കായംകുളത്തേക്ക് വരുന്നവരുമെല്ലാം മലിനജലം മുങ്ങുകയാണ് .എത്രയും പെട്ടെന്ന് ഇതിന് ഒരു പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമര പരിപാടി ആരംഭിക്കും.

-എ.എം കബീർ.

യു.ഡി.എഫ് ,കൺവീനർ