ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം

ആലപ്പുഴ : ഇന്ന് ഇരുപത്തെട്ടാം ഓണാഘോഷം. ഓച്ചിറ പരബ്രഹ്മ സന്നിധിയിലേക്ക് വാദ്യമേളങ്ങളുടെ അകമ്പടിയിൽ ഓണാട്ടുകരയിലെ വിവിധ കരകളിൽ നിന്ന് അംബര ചുംബികളായ നന്ദികേശൻമാർ പാട്ടും മേളവുമായി എഴുന്നള്ളും. ഭാഗവതപാരായണവും കുത്തിയോട്ടച്ചുവടും കലാപരിപാടികളും അന്നദാനവുമുൾപ്പെടെ

കാളകെട്ടുത്സവത്തിന് സമാപനം കുറിച്ച് ഓണാട്ടുകരയിലെ വിവിധ കരകളിലെ നന്ദികേശ സന്നിധികളെല്ലാം ആവേശലഹരിയിലാണ്. ഇന്ന് രാവിലെ പത്തുമണിമുതൽ വിവിധ കരകളിൽ നിന്നായി നൂറുകണക്കിന് കെട്ടുകാഴ്ചകൾ പടനിലം ലക്ഷ്യമാക്കി നീങ്ങും. നവരാത്രി ഉത്സവത്തിന്റെ സമാപനവും ഇരുപത്തെട്ടാം ഓണാഘോഷവും ഒരുമിച്ച് വന്നതോടെ സർക്കാർ ഓഫീസുകൾക്കും വിദ്യാലയങ്ങൾക്കും അവധിയായതിനാൽ ഇത്തവണ പടനിലം ജനസാഗരമാകും. ദേശീയപാത നിർമ്മാണ ജോലികൾ പുരോഗമിക്കുന്നതിനിടെയുള്ള കാളകെട്ടുത്സവം ദേശീയപാതയിലെ ഗതാഗതത്തെ ബാധിക്കുമെന്നതിനാൽ മുൻവർഷങ്ങളിലേതുപോലെ ഓച്ചിറവഴിയുള്ള ഗതാഗതം പൊലീസ് വഴിതിരിച്ചുവിട്ടിട്ടുണ്ട്.
ഓച്ചിറ പരബ്രഹ്മ സന്നിധിയിലേക്ക് നന്ദികേശൻമാരെ നിർമിച്ച് കാൽനൂറ്റാണ്ട് പൂർത്തിയാക്കിയ കൃഷ്‌ണപുരം കാപ്പിൽകര കെട്ടുത്സവ സമിതി,​കൃഷ്‌ണപുരം മാമ്പ്രക്കന്നേൽ യുവജനസമിതി തുടങ്ങി ആലപ്പുഴ ,​ കൊല്ലം ജില്ലകളിലെ വിവിധ കരകളിൽ നിന്നായി ചെറുതും വലതുമായ ഇരുന്നൂറോളം കെട്ടുകാഴ്ചകളാകും ഇന്ന് ഉച്ചകഴിയുന്നതോടെ പടനിലത്ത് അണിനിരക്കുക. ഓച്ചിറ,​ പ്രയാർ, പുതുപ്പള്ളി,ദേവികുളങ്ങര,​ കൃഷ്ണപുരം,​ വള്ളികുന്നം,​ തഴവ,​ കുലശേഖരപുരം,​ ക്ളാപ്പന തുടങ്ങിയ സ്ഥലങ്ങളിൽനിന്നായി കരയുടെ വകയായും നേർച്ചയായും കെട്ടുകാളകൾ തയ്യാറായിട്ടുണ്ട്. എല്ലാ സ്ഥലങ്ങളിലും കെട്ടുകാളകളെ കാണുന്നതിനുംകലാപരിപാടികൾ ആസ്വദിക്കുന്നതിനും അന്നദാനമുൾപ്പെടെയുള്ള ചടങ്ങുകളിൽ സംബന്ധിക്കുന്നതിനും വൻ തിരക്കാണുണ്ടായത്. ഇരുപത്തെട്ടാം ഓണാഘോഷത്തിന്റെ ഭാഗമായി പടനിലത്തും പരിസരത്തും ശക്തമായ സുരക്ഷാ ക്രമീകരണമാണ് സജ്ജമാക്കിയിരിക്കുന്നത്. ആലപ്പുഴ ജില്ലയുടെ അതിർത്തിയിൽ കായംകുളം ഡിവൈ.എസ്.പി ബാബുക്കുട്ടന്റെ മേൽനോട്ടത്തിലാണ് സുരക്ഷ.

ഇന്ന് രാവിലെ 9 മണിമുതൽ ഗതാഗത നിയന്ത്രണം

ആലപ്പുഴ ഭാഗത്ത് നിന്ന് കൊല്ലത്തേക്ക് വരുന്ന വലിയ വാഹനങ്ങൾ

നങ്ങ്യാർകുളങ്ങര- തട്ടാരമ്പലം -മാവേലിക്കര--കറ്റാനം - രണ്ടാംകുറ്റി- ചാരുംമൂട്- ചക്കുവള്ളി- കരുനാഗപ്പള്ളി

കെ.എസ്.ആർ.ടി.സി

കായംകുളം- കാക്കനാട്- ഭഗവതിപ്പടി- തട്ടാരമ്പലം- മാവേലിക്കര--കറ്റാനം - രണ്ടാംകുറ്റി- ചാരുംമൂട്- ചക്കുവള്ളി- കരുനാഗപ്പള്ളി

ചെറിയവാഹനങ്ങൾ

കെ.പി റോഡിൽ റെയിൽവേ അണ്ടർ പാസേജ് രണ്ടാംകുറ്റി- കറ്റാനം-

ചാരുംമൂട്- ചക്കുവള്ളി- കരുനാഗപ്പള്ളി

കൊല്ലത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്ക്

ലാലാജി ജംഗ്ഷൻ- പണിക്കർകടവ്-- അഴീക്കൽ- അഴീക്കൽ പാലം വഴി കായംകുളം

ഹെവിവാഹനങ്ങൾ

കൊട്ടിയം - കണ്ണനല്ലൂർ- കുണ്ടറ- കൊട്ടാരക്കര വഴി എം.സിറോഡിൽ എറണാകുളം. അല്ലെങ്കിൽ ദേശീയപാതയിൽ തിരക്കില്ലാത്ത സ്ഥലങ്ങളിൽ പാർക്ക് ചെയ്തശേഷം ആഘോഷങ്ങൾ അവസാനിക്കുന്ന മുറയ്ക്ക് ഓച്ചിറ വഴി കടന്നുപോകാം.

വൈദ്യുതി തടസപ്പെടും

കെട്ടുകാഴ്ചകൾ ഓച്ചിറ പടനിലത്തേക്ക് എഴുന്നള്ളിക്കുന്നതിനുള്ള സൗകര്യാർത്ഥം വൈദ്യുതി ലൈനുകൾ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ അഴിച്ചുമാറ്റേണ്ടിവരുന്നതിനാൽ ഓച്ചിറ,​ കായംകുളം,​ കൃഷ്ണപുരം,​ വള്ളികുന്നം,​ തഴവ,​ മണപ്പള്ളി,​കുലശേഖരപുരം,​ ക്ളാപ്പന,​ ആയിരംതെങ്ങ്,​ ആലുംപീടിക ,​പ്രയാർ,​ പുതുപ്പളളി തുടങ്ങിയ ഭാഗങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെടും. കെട്ടുകാളകളെ പടനിലത്തേക്ക് എഴുന്നള്ളിക്കുന്നതനുസരിച്ച് വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള സംവിധാനം സജ്ജമാക്കിയിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.