ആലപ്പുഴ: നവരാത്രി ആഘോഷത്തിന് സമാപനം കുറിച്ച് നാളെ വിജയദശമി. ക്ഷേത്രങ്ങളും ആചാര്യസ്ഥാനങ്ങളും സരസ്വതീപൂജകളാൽ ധന്യം. വിദ്യ അഭ്യസിക്കുന്നവരുടേയും വിദ്യ പകർന്നു നൽകുന്നവരുടേയും ആരാധ്യദേവതയാണ് സരസ്വതി ദേവി. ജില്ലയിൽ സരസ്വതി ക്ഷേത്രങ്ങളിലുൾപ്പെടെ വിജയദശമി ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെത്തി. പണിശാലകളിൽ ആയുധങ്ങൾ പൂജവച്ചതോടെ നാടാകെ നവരാത്രി ആഘോഷങ്ങൾ പാരമ്യത്തിലെത്തി. സരസ്വതി ക്ഷേത്രങ്ങളുൾപ്പെടെ ക്ഷേത്രങ്ങളിലും ആചാര്യ സ്ഥാനങ്ങളിലുമെല്ലാം നവരാത്രി ആഘോഷത്തോടനുബന്ധിച്ച് വിശേഷാൽ പൂകളും ചടങ്ങുകളും നടന്നുവരികയാണ്. ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളായ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രം,​ കണിച്ചുകുളങ്ങര ദേവീക്ഷേത്രം,​ മുല്ലയ്ക്കൽ രാജരാജേശ്വരി ക്ഷേത്രം,​ തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം,​കിടങ്ങാംപറമ്പ് ശ്രീഭുവനേശ്വരി ക്ഷേത്രം,​ ചക്കുളത്ത് കാവ് ദേവീക്ഷേത്രം,​ ചെട്ടികുളങ്ങര ദേവീക്ഷേത്രം,​ തട്ടാരമ്പലം സരസ്വതി ക്ഷേത്രം,​ ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമിക്ഷേത്രം,​പുരന്ദരേശ്വരത്ത് ശ്രീമഹാദേവർ ക്ഷേത്രം,​വയലാർ കോയിക്കൽ സുബ്രഹ്മണ്യസ്വാമീക്ഷേത്രം,​വളമംഗലം തെക്ക് വടേക്കുറ്റ് ഭഗവതി ക്ഷേത്രം തുടങ്ങിയ ജില്ലയിലെ ചെറുതും വലുതുമായ നൂറുകണക്കിന് ക്ഷേത്രങ്ങളിൽ നവരാത്രി മണ്ഡപങ്ങളിൽ വിജയദശമിയുടെ ഭാഗമായി പ്രത്യേക പൂജകളും ചടങ്ങുകളും നടന്നുവരികയാണ്.

വിജയദശമി ദിനമായ നാളെ രാവിലെ സരസ്വതീപൂജ, പൂജയെടുപ്പ്,​

വിദ്യാഗോപാല മന്ത്രാർച്ചന,വിദ്യാരംഭം എന്നീ ചടങ്ങുകളും നടക്കും. വിദ്യാരംഭചടങ്ങുകൾക്ക് ക്ഷേത്രപുരോഹിതൻമാരും ആചാര്യശ്രേഷ്ഠൻമാരും നേതൃത്വം നൽകും.