ആലപ്പുഴ : തീരദേശപാതയിൽ രാവിലെ 6.35ന് ഇന്റർസിറ്റി കഴിഞ്ഞാൽ ആലപ്പുഴ നിന്ന് കൊല്ലത്തേക്ക് പോകാൻ നട്ടുച്ചവരെ കാത്തിരിക്കണം. എറണാകുളത്ത് നിന്ന് രാവിലെ 9.10ന് ആലപ്പുഴയെത്തുന്ന മെമു സ്പെഷ്യലിനാകട്ടെ വൈകിട്ട് 5.30വരെ വിശ്രമവും.
ട്രെയിൻ സർവീസുകൾ ആരംഭിക്കാൻ ആവശ്യമായ കോച്ച് കിട്ടാനില്ലാത്തതാണ് പ്രശ്നമെങ്കിൽ വൈകുന്നേരം വരെ ആലപ്പുഴയിൽ സ്ഥലം കൊല്ലിയായി കിടക്കുന്ന മെമു സ്പെഷ്യൽ എന്തുകൊണ്ട് ആലപ്പുഴ- കൊല്ലം പാസഞ്ചറാക്കിക്കൂടാ എന്ന ചോദ്യം ഉയരുന്നുണ്ട്. തീരദേശപാതയിൽ രാവിലെ 9.30നും വൈകിട്ട് 5.30നും ഇടയിൽ കൊല്ലത്തേക്കും തിരിച്ചും രണ്ട് സർവീസുകൾ നടത്താമെന്നിരിക്കെ റെയിൽവേയോ, കേന്ദ്രസർക്കാരോ മുൻകൈയെടുക്കാത്തത് എന്തെന്ന യാത്രക്കാരുടെ ചോദ്യവും അവശേഷിക്കുന്നുണ്ട്. ഞായർ ഒഴികെ എല്ലാദിവസവും ഉച്ചയ്ക്ക് 1.15നുള്ള കൊല്ലം പാസഞ്ചറാണ് ഇന്റർ സിറ്റിക്ക് ശേഷമുള്ള യാത്രക്കാരുടെ നിലവിലെ ആശ്രയം.
മെമുവിന് വൈകുന്നേരം വരെ വിശ്രമം
1.എറണാകുളത്ത് നിന്ന് ഞായറാഴ്ച ഒഴികെ എല്ലാദിവസവും രാവിലെ 7.50ന് പുറപ്പെടുന്ന മെമു സ്പെഷ്യൽ രാവിലെ 9.10ന് ആലപ്പുഴയെത്തും. വൈകുന്നേരം 5.30ന് കൊല്ലം പാസഞ്ചറായിട്ടാണ് അടുത്ത സർവീസ്. ഒരു ഡസനിലധികം കോച്ചുള്ള മെമു, എട്ടുമണിക്കൂറിലേറെ ആലപ്പുഴയിൽ വിശ്രമമെന്ന് ചുരുക്കം
2. അടുത്തിടെ കോട്ടയം വഴി കൊല്ലം - എറണാകുളം റൂട്ടിൽ ഒരു മെമു സർവീസ് പുതുതായി ആരംഭിച്ചിരിക്കെയാണ് ആലപ്പുഴയോടുള്ള അവഗണന. റെയിൽവേ ബോർഡാണ് പുതിയ സർവീസിന്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്
3. കെ.സി വേണുഗോപാൽ എം.പിയും യാത്രക്കാരും ഇക്കാര്യം അടുത്തിടെ ആലപ്പുഴയിലെത്തിയ റെയിൽവേ ജനറൽ മാനേജരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും റെയിൽവേയുടെ ഉന്നതതല ഇടപെടൽ ആവശ്യമാണെന്നായിരുന്നു മറുപടി
സ്റ്റേഷനുകളെ സജീവമാക്കാം
യാത്രാക്ളേശം പരിഹരിക്കാം
ആലപ്പുഴ- കൊല്ലം റൂട്ടിലും തിരിച്ചും രണ്ട് സർവീസുകൾ നടത്താൻ പാസഞ്ചർ ട്രെയിൻ ഉപയോഗിച്ചാൽ കായംകുളം ജംഗ്ഷനുൾപ്പെടെ ഒരുഡസനോളം വലുതും ചെറുതുമായ സ്റ്റേഷനുകളെ സജീവമാക്കാൻ കഴിയും. മാത്രമല്ല, ദേശീയപാത നവീകരണം പുരോഗമിക്കവേ റോഡ് മാർഗമുള്ള യാത്ര സാഹസമായിരിക്കെ യാത്രക്കാർക്ക് ഇത് പ്രയോജനപ്രദമാകും.
ഇന്റർസിറ്റിക്ക് ശേഷം 9.30നോ, 10നോ ആലപ്പുഴയിൽ നിന്ന് കൊല്ലത്തേക്ക് പുറപ്പെടുന്ന ട്രെയിൻ ഏതാണ്ട് 12നോ, 12.30നോ കൊല്ലത്തെത്തും. അവിടെ നിന്ന് 1.30നും 2നും ഇടയിൽ തിരിച്ച് ആലപ്പുഴയ്ക്ക് പുറപ്പെട്ടാൽ നേത്രാവതി എക്സ്പ്രസിന് ശേഷം അവിടെ നിന്ന് ആലപ്പുഴയിലേക്ക് ഒരു സർവീസാക്കി മാറ്റാനുമാകും. പതിവുപോലെ വൈകുന്നേരം 5.30ന് കൊല്ലം പാസഞ്ചറായി സർവീസ് തുടരാനുമാകും.
...................................
ആലപ്പുഴ- കൊല്ലം
സ്റ്രേഷനുകൾ
പുന്നപ്ര, അമ്പലപ്പുഴ,തകഴി, കരുവാറ്റ, ഹരിപ്പാട്, ചേപ്പാട്, കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി, ശാസ്താംകോട്ട, മൺറോതുരുത്ത്, പെരിനാട്, കൊല്ലം
.......................................
എറണാകുളം - ആലപ്പുഴ പാസഞ്ചർ സ്ഥലം കൊല്ലിയായി ആലപ്പുഴയിൽ വൈകുന്നേരം വരെ ഇട്ടിരിക്കുന്നതിലും നല്ലത് കൊല്ലത്തേക്കും തിരിച്ചും സർവീസ് നടത്തുന്നതാണ്
- രാജശ്രീ, യാത്രക്കാരി, കായംകുളം
.................................
ലോക്കോ പൈലറ്റുമാരുടെയും ഗാർഡിന്റെയും ലഭ്യതയും മറ്റ് വണ്ടികളുടെ സമക്രമവും മറ്റും പരിശോധിച്ച് റെയിൽവേ ബോർഡാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്
- റെയിൽവേ സ്റ്റേഷൻ മാനേജർ, ആലപ്പുഴ