തുറവൂർ: എസ്.എൻ.ഡി.പി യോഗം വളമംഗലം 537-ാം നമ്പർ ശാഖയുടെ കീഴിലുള്ള കാടാതുരുത്ത് മഹാദേവീ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ ജ്ഞാന യജ്ഞം നാളെ ആരംഭിച്ച് 20 ന് അവഭൃഥസ്നാന ഘോഷയാത്രയോടെ സമാപിക്കും. തണ്ണീർമുക്കം സന്തോഷ്കുമാർ യജ്ഞാചാര്യനും ക്ഷേത്രം മേൽശാന്തി ബൈജു ശാന്തി യജ്ഞഹോതാവുമാണ്. വൈകിട്ട് 7 ന് യജ്ഞശാലയിൽ അഖിലാജ്ഞലി ഗ്രൂപ്പ് ഒഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ പി.ഡി.ലക്കി ഭദ്രദീപ പ്രകാശനം നിർവഹിക്കും. ക്ഷേത്രം തന്ത്രി ജയതുളസീധരൻ തന്ത്രി വിഗ്രഹപ്രതിഷ്ഠ നടത്തും. ഡോ.ജ്യോതിസ് ഉത്തമൻ ഗ്രന്ഥസമർപ്പണവും ആർ.ഗീതാമണി വിഭവസമർപ്പണവും നിർവഹിക്കും. യജ്ഞദിനങ്ങളിൽ ഭാഗവത പാരായണം, പ്രഭാഷണം, അന്നദാനം വിശേഷാൽ പൂജകൾ, ഭജന എന്നിവ നടക്കും. ശാഖാ പ്രസിഡന്റ് കെ.എം.സുദേവ്, വൈസ് പ്രസിഡന്റ് ആർ.ബൈജു,സെക്രട്ടറി വി.ആർ.പ്രവീൺ എന്നിവർ നേതൃത്വം നൽകും.