
അമ്പലപ്പുഴ : ഒന്നരമാസമായി പൊളിച്ചിട്ടിരുന്ന പുന്നപ്ര തലേക്കെട്ട് - സി.എം.എസ് പള്ളിറോഡിന്റെ നവീകരണം പുനരാരംഭിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് രണ്ടാം വാർഡിൽ കാർമൽ പോളിക്ക് പടിഞ്ഞാറുവശത്തുള്ള റോഡ് പൊളിച്ചിട്ടതോടെ
അടിയന്തരഘട്ടത്തിൽ രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകാൻ ഓട്ടോറിക്ഷ പോലും വരാത്ത സ്ഥിതിയായിരുന്നു. റോഡിന്റെ ശോച്യാവസ്ഥയും നാട്ടുകാരുടെ ദുരിതവും കഴിഞ്ഞ ദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്‌തിരുന്നു.
ഇതിനെത്തുടർന്നായിരുന്നു റോഡ് നവീകരണം പുനരാരംഭിച്ചത്.
എം.എൽ.എ ഫണ്ടിൽ നിന്ന് ഒരു കോടിയോളം രൂപ ചെലവിട്ട് റോഡിന്റെ നവീകരണം ഒന്നരമാസം മുമ്പേ ആരംഭിച്ചതാണ്. എന്നാൽ, ജെ.സി.ബി ഉപയോഗിച്ച് റോഡ് കുത്തിപ്പൊളിച്ചതല്ലാതെ കാര്യങ്ങൾ നീങ്ങിയില്ല. സ്ക്കൂൾ വാഹനങ്ങൾക്ക് മാത്രമല്ല, ഇരുചക്ര വാഹനങ്ങൾക്ക് പോലും സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയായി. ഇതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. റോഡ് നവീകരണം അധികം താമസിയാതെ പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.