വള്ളികുന്നം: വിതരണത്തിനുള്ള പത്രക്കെട്ടെടുക്കാനെത്തിയ കേരളകൗമുദി ഇലിപ്പക്കുളം വിവേകാനന്ദ ജംഗ്ഷൻ ഏജന്റ് സഹദേവനെ (76) ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതി വള്ളികുന്നം പൊലീസിന്റെ കസ്റ്റഡിയിലെന്ന് സൂചന. അക്രമകാരണമടക്കം കൂടുതൽ വിവരങ്ങൾ പുറത്തുവരേണ്ടതുണ്ട്. ബുധനാഴ്ച്ച പുലർച്ചെ 3.40ന് ചൂനാട് കിണറുമുക്ക് ജംഗ്ഷനിലായിരുന്നു ആക്രമണം നടന്നത്. വണ്ടി പാർക്ക് ചെയ്ത ശേഷം പത്രക്കെട്ടുകളെടുത്ത് വയ്ക്കാൻ ശ്രമിക്കുമ്പോൾ വട്ടയ്ക്കാട് ഭാഗത്ത് നിന്ന് കാൽനടയായി വന്ന യുവാവ് സഹദേവന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് സ്കൂട്ടറിന്റെ താക്കോലെടുക്കാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ച സഹദേവനെ സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മൂക്കിൽ കടിച്ചും മുറിവേൽപ്പിച്ചു. പോക്കറ്റിലുണ്ടായിരുന്ന 1500 രൂപയും അപഹരിച്ചു. ഗുരുതര പരിക്കേറ്റ സഹദേവൻ ചികിത്സയിലാണ്.