ambala

അമ്പലപ്പുഴ: ദേശീയപാതാ നിർമ്മാണത്തിന്റെ ഭാഗമായുള്ള കുഴിയിൽ കാർ വീണു. ആലപ്പുഴ മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡന്റ് ഡോക്ടർമാരായ മിഥു സി. വിനോദ്, രാജലക്ഷ്മി എന്നിവർ സഞ്ചരിച്ചെത്തിയ മാരുതി സ്വിഫ്റ്റ് ഡിസയർ കാറാണ് കുഴിയിൽ വീണത്. ദേശീയപാതയിൽ മെഡിക്കൽ കോളേജിന് കിഴക്കുഭാഗത്തെ സർവ്വീസ് റോഡിൽ ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. ആർക്കും പരിക്കില്ല. കാറിന് സാരമായ കേടുപാടുണ്ടായി. കുഴിയിൽ നിന്ന് കാർ തള്ളി നീക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും വിഫലമായതിനെത്തുടർന്ന് ജെ.സി. ബി എത്തിച്ച് പുറത്തെടുക്കുകയായിരുന്നു. സർവ്വീസ് റോഡിന് കുറുകെ ചാലു കീറിയതുപോലെ കുഴിച്ചിട്ടിരിക്കുകയാണങ്കിലും, കുഴിക്ക് ഇരുഭാഗവും ടാർ ചെയ്ത് യാത്രക്ക് സുഗമമാക്കിയിട്ടുണ്ട്. അടുത്തെത്തുമ്പോൾ മാത്രമാണ് കുഴി ശ്രദ്ധയിൽപ്പെടുക. സൈൻ ബോർഡുകൾ സ്ഥാപിക്കാത്തതിനാൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പടെ ഈ കുഴിയിൽ വീഴുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.