ആലപ്പുഴ: ജില്ലയിൽ കഴിഞ്ഞ ഒമ്പതുമാസത്തിനിടെ റോഡപകടത്തിൽ പൊലിഞ്ഞത് 281ജീവനുകൾ. ദേശീയപാതയും എം.സി റോഡും സംസ്ഥാന- ജില്ലാ റോഡുകളിലും ഉൾപ്പെടെയുണ്ടായ 256 അപകടങ്ങളിൽ മരിച്ചതിനെക്കാൾ മൂന്നിരട്ടിയാണ് പരിക്കേറ്റവരുടെ എണ്ണം. ദേശീയ പാത നിർമ്മാണം പുരോഗമിക്കവേ യാത്രാ ക്ളേശവും ഗതാഗത കുരുക്കും രൂക്ഷമായ അരൂർ- തുറവൂർ ഭാഗങ്ങളിലാണ് അപകടങ്ങളിൽ അധികവും.

പൊലീസും മോട്ടോർ വാഹന വകുപ്പും റോഡ് സുരക്ഷാ അതോറിട്ടിയും ജില്ലയിൽ നടത്തിയ പഠനത്തിൽ റോഡിൽ മതിയായ വെളിച്ചമില്ലാത്തതാണ് അപകടങ്ങൾക്ക് പ്രധാന കാരണമായി കണ്ടെത്തിയിരുന്നു.

ദേശീയപാതയിൽ ഹരിപ്പാട് കെവി ജെട്ടി ജംഗ്ഷനിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇന്നോവ കാർ ഇടിച്ച് വള്ളികുന്നം സ്വദേശി സത്താറും(56), മകൾ ആലിയയും (20)മരിച്ചതാണ് ഒന്നിലധികം പേരുടെ ജീവൻ നഷ്ടമായ ഒടുവിലത്തെ ദുരന്തം. ബൈക്ക് അപകടങ്ങളിലാണ് ഏറ്റവുമധികം ജീവൻ പൊലിഞ്ഞത്.

ബ്ളാക്ക് സ്പോട്ടുകൾ

ദേശീയപാത

നവീകരണത്തിന്

മുമ്പ് : 46

ശേഷം:63

ബ്ളാക്ക് സ്പോട്ടുകളിലും വർദ്ധന

1.മൂന്നുവർഷത്തിനകം 15 അപകടങ്ങളോ അഞ്ച് മരണമോ ഉണ്ടാകുന്ന സ്ഥലങ്ങളെയാണ് ബ്ളാക്ക് സ്പോട്ടുകളായി കണക്കാക്കിയിട്ടുള്ളത്. 46 ബ്ളാക്ക് സ്പോട്ടുകളായിരുന്ന ജില്ലയിൽ ദേശീയപാതയുടെ നിർമ്മാണം തുടങ്ങിയതോടെ എണ്ണം പൊടുന്നനെ വർദ്ധിച്ചു

2.സുരക്ഷാസംവിധാനം,​സൂചനാബോർഡുകൾ,​ സിഗ്നൽ സംവിധാനം എന്നിവയില്ലാത്തതും വെളിച്ചക്കുറവുമാണ് ദേശീയപാത നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിൽ അപകടങ്ങൾക്ക് കാരണം.

3. വാഹനങ്ങളുടെ അമിതവേഗവും രാത്രിയിൽ ലൈറ്റ് ഡിം ചെയ്യാത്തതും അശ്രദ്ധമായ ഡ്രൈവിംഗും വിവിധയിടങ്ങളിലായി ഒന്നര ഡസനോളം കാൽനടയാത്രക്കാരുടേത് ഉൾപ്പടെ ജീവൻ അപഹരിക്കാൻ കാരണമായി

വേണ്ടത്

#മുന്നറിയിപ്പ് ബോ‌ർഡുകൾ

#സിഗ്നൽസംവിധാനം

# വഴിവിളക്കുകൾ

# ക്രാഷ് ബാരിയർ

# സീബ്രാ ക്രോസിംഗ്

# വാഹന പരിശോധന

..............................

അമിതവേഗവും ഗതാഗത നിയമ ലംഘനവും തടയുന്നതിനും അപകടങ്ങൾ വകുറയ്ക്കുന്നതിനുമായി മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകൾ ശക്തമാക്കും

-എ.കെ ദിലു. ആർ.ടി.ഒ, ആലപ്പുഴ